Sunday, May 5, 2024
indiakeralaNews

കേരളത്തില്‍ കൊറോണ വ്യാപനം രൂക്ഷം ;രാത്രി കാല കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിര്‍ദ്ദേശം.

കേരളത്തില്‍ കൊറോണ വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിര്‍ദ്ദേശം. രോഗവ്യാപനത്തില്‍ സമാന സ്ഥിതിയിലുള്ള മഹാരാഷ്ട്രയോടും ഇതേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പ്രത്യേകമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ലാ ആവശ്യം മുന്നോട്ട് വച്ചത്.രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് മറ്റു സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ഇപ്പോള്‍ കേരളത്തിലാണ്. പ്രതിദിന മരണനിരക്കും സംസ്ഥാനത്താണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പ്രതിരോധ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്നും കേന്ദ്രം യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് സംസ്ഥാനങ്ങളും വാക്സിനേഷന്‍ ശക്തമായി തുടരണം. കൂടുതല്‍ ഡോസ് ആവശ്യമെങ്കില്‍ അനുവദിക്കും. ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ വാക്സീന് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനം തടയുന്നതിന് ആഘോഷങ്ങള്‍ക്കായുള്ള കൂടിച്ചേരലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ആഭ്യന്തര സെക്രട്ടറി യോഗത്തില്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ പങ്കെടുത്തു.