Monday, April 29, 2024
indiaNewsworld

കാബൂള്‍ ചാവേറാക്രമണത്തില്‍ ഉത്തരവാദികളായവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ്

കാബൂള്‍ വിമാനത്താവള കവാടത്തിലുണ്ടായ ചാവേറാക്രമണത്തിന് ഉത്തരവാദികളായവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്ന് അറിയിച്ച ബൈഡന്‍ കാബൂളില്‍ സംഭവിച്ചതിന് പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കി. കാബൂള്‍ വിമാനത്താവളിത്തിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ പ്രതികരിക്കുകയായിരുന്നു ബൈഡന്‍.13 യുഎസ് സൈനികരാണ് സ്‌ഫോടനത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്.’ആരാണോ ഈ ആക്രണം നടത്തിയത് അല്ലെങ്കില്‍ അമേരിക്കയെ ദ്രോഹിക്കണമെന്ന് ആരാണോ ആഗ്രഹിച്ചത് അവര്‍ ഒരു കാര്യം ഓര്‍ക്കുക ഞങ്ങള്‍ മറക്കില്ല, ക്ഷമിക്കില്ല, ഞങ്ങള്‍ നിങ്ങളെ വേട്ടയാടി നിങ്ങളെക്കൊണ്ടു തന്നെ കണക്കു പറയിക്കും’ ആക്രമണത്തിനു പിന്നാലെ വൈറ്റ് ഹൗസില്‍ നടത്തിയ വികാരഭരിതമായ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.അഫ്ഗാനിലുള്ള യുഎസ് പൗരന്മാരെ രക്ഷിക്കുമെന്ന് ആവര്‍ത്തിച്ച ബൈഡന്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ഈ മാസം 31നകം പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു. താലിബാന്‍ അധികാരം പിടിച്ചതിനു ശേഷം കഴിഞ്ഞ 11 ദിവസത്തിനിടെ കാബൂളില്‍നിന്ന് യുഎസ് സഖ്യസേന 95,700 പേരെ ഒഴിപ്പിച്ചു. വ്യോമമാര്‍ഗമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിലൊന്നാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓരോ 39 മിനിറ്റിലും രക്ഷാ വിമാനങ്ങള്‍ പറന്നുയര്‍ന്നു.അഫ്ഗാനിസ്ഥാനില്‍നിന്നു രക്ഷപ്പെടാന്‍ പതിനായിരങ്ങള്‍ കാത്തുനില്‍ക്കുന്ന കാബൂള്‍ വിമാനത്താവളത്തിന്റെ കവാടത്തിലാണ് ചാവേര്‍ ആക്രമണം നടന്നത്. വിമാനത്താവളത്തില്‍ യുഎസ്, ബ്രിട്ടിഷ് സൈനികര്‍ നിലയുറപ്പിച്ച ആബി ഗേറ്റിലായിരുന്നു ആദ്യ സ്‌ഫോടനം. വിമാനത്താവളത്തോടു ചേര്‍ന്നുള്ള ഹോട്ടലിനു സമീപം രണ്ടാം സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 60 പേര്‍ കൊല്ലപ്പെട്ടു. 140 പേര്‍ക്ക് പരുക്കേറ്റതായും അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞു. ഭീകരസംഘടനയായ ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.