Sunday, April 28, 2024
keralaNews

കേരളത്തിലെ ക്വാറി ഉടമകള്‍ക്ക് തിരിച്ചടി.

കേരളത്തിലെ ക്വാറി ഉടമകള്‍ക്ക് തിരിച്ചടി. ഹരിത ട്രൈബ്യൂണല്‍ ദൂരപരിധി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രമേ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാവൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഇത് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ നിലവിലുള്ള ക്വാറികളെ അടക്കം സുപ്രീം കോടതി നടപടി ബാധിക്കും.സ്‌ഫോടനം നടത്തിയുള്ള ക്വാറികള്‍ക്ക് 200 മീറ്ററും സ്‌ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയില്‍ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഇതിനെതിരെ ക്വാറി ഉടമകളാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. ക്വാറി ഉടമകളുടെ നിലപാടിനെ പിന്തുണച്ച സര്‍ക്കാര്‍ പിന്നീട് കോടതിയില്‍ റിട്ട് ഹര്‍ജിയും നല്‍കി. ജനവാസകേന്ദ്രത്തില്‍ നിന്ന് 200 മീറ്റര്‍ ദൂരം വേണമെന്ന പുതിയ ഉത്തരവ് അംഗീകരിക്കാനാവില്ല. സര്‍ക്കാരിനെ അറിയിക്കാതെയാണ് ട്രൈബ്യൂണല്‍ തീരുമാനമെടുത്തത് തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാരിന് വേണ്ടി അഡി അഡ്വ ജനറല്‍ അന്ന് ഹൈക്കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചായിരുന്നു ട്രൈബ്യൂണല്‍ ഉത്തരവിനെതിരായ ഹൈക്കോടതി വിധി.ഇപ്പോള്‍ സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതോടെ സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് കൂടിയാണ് തിരിച്ചടിയേറ്റത്.