Wednesday, April 24, 2024
keralaNewspolitics

ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തിലേക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തിലേക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പലവട്ടമായുള്ള തിരുത്തലുകള്‍ക്കും ശേഷമാണ് 14 ജില്ലാ അധ്യക്ഷന്‍മാരുടെ അന്തിമ തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്. കഴിഞ്ഞ ദിവസം വീണ്ടും ദില്ലിയില്‍ എത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കെസി വേണുഗോപാല്‍, താരീഖ് അന്‍വര്‍ മുതലായുള്ള മുതിര്‍ന്ന നേതാക്കളുമായി അവസാന ഘട്ടത്തില്‍ ഒരിക്കല്‍ കൂടി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. അന്തിമ പട്ടിക സുധാകരന്‍ വ്യാഴാഴ്ച രാത്രിയോടെ താരീഖ് അന്‍വറിന് സമര്‍പ്പിച്ചു.കഴിഞ്ഞ കുറേ ആഴ്ചകളായി കോണ്‍ഗ്രസ് നേതൃത്വത്തെ കുഴക്കുന്ന പ്രതിസന്ധിയാണ് ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനം. ഓണത്തിന് മുമ്പ് പ്രഖ്യാപിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും തര്‍ക്കങ്ങള്‍ കാരണം പ്രഖ്യാപനം നീണ്ടുപോവുകയായിരുന്നു. സംസ്ഥാന തലത്തില്‍ വേണ്ടത്ര ചര്‍ച്ച നടത്തിയില്ലെന്ന് ആരോപിച്ച് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രംഗത്ത് എത്തിയത് പ്രതിസന്ധി കൂടുതല്‍ ശക്തമാക്കി. തങ്ങളുടെ പരാതികള്‍ അവര്‍ എഐസിസി നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.സംസ്ഥാന നേതാക്കള്‍ വീണ്ടും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയില്ലെങ്കിലും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ അനുനയ ശ്രമവുമായി മുതിര്‍ന്ന നേതാക്കളെ ബന്ധപ്പെട്ടുവെന്നാണ് സൂചന. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച പട്ടികയിലും അതൃപ്തികള്‍ ശക്തമായിരുന്നു. 9 ജില്ലകളില്‍ സമവായത്തില്‍ എത്തിയപ്പോള്‍ അവസാന നിമിഷം വരെ കുഴക്കിയത് തിരുവനന്തപുരവും കൊല്ലവും ഉള്‍പ്പടേയുള്ള അഞ്ച് ജില്ലകളായിരുന്നു.ഈ ജില്ലകളുടെ കാര്യമാണ് അവസാന വട്ട ചര്‍ച്ചകളില്‍ പരിഹരിച്ചത്. അന്തിമമായി നല്‍കിയ പട്ടികയില്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് വലിയ പരിഗണന ലഭിച്ചില്ലെങ്കിലും സാമുദായിക പ്രാതനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. സുധാകരന്‍ സമര്‍പ്പിച്ച പട്ടികയുമായി ദേശീയ ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഇന്ന് രാവിലെ തന്നെ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയ കാണും. പ്രഖ്യാപനം വൈകീട്ട് ഉണ്ടാവുമെന്നാണ് പ്രതീക്ഷ.