Wednesday, May 15, 2024
keralaNews

കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അപേക്ഷകന്‍ അപേക്ഷയ്ക്കു പുറമേ സത്യവാങ്മൂലവും നല്‍കണം

ഇനി കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അപേക്ഷകന്‍ അപേക്ഷയ്ക്കു പുറമേ സത്യവാങ്മൂലവും നല്‍കണമെന്നു റവന്യൂ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. കൈവശം ഉള്ള ഭൂമി പട്ടയം ലഭിച്ചതാണോ അല്ലയോ എന്നാണ് അപേക്ഷകന്‍ സത്യവാങ്മൂലം നല്‍കേണ്ടതെന്നു സര്‍ക്കുലറില്‍ പറഞ്ഞു. ഹൈക്കോടതി വിധി അനുസരിച്ചാണു നടപടി.ഇടുക്കിയിലെ ചില വില്ലേജുകളില്‍ ഭൂ പതിവു ചട്ടങ്ങള്‍ പ്രകാരം പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയില്‍ പട്ടയം ലംഘിച്ചു വാണിജ്യനിര്‍മാണങ്ങള്‍ നടത്തുന്നതു തടയാന്‍ 2019 ഓഗസ്റ്റ് 22ന് റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഏത് ആവശ്യത്തിനാണോ പട്ടയം അനുവദിച്ചതെന്നുള്ള വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ കെട്ടിട പെര്‍മിറ്റ് അനുവദിക്കാവൂ എന്ന് ആയിരുന്നു ഉത്തരവ്.ഇതു സംബന്ധിച്ച് വന്ന ഹര്‍ജികളെ തുടര്‍ന്ന് ഈ ഉത്തരവ് കേരളം മുഴുവന്‍ നടപ്പാക്കാന്‍ 2020 ജൂലൈ 29നു ഹൈക്കോടതി ഉത്തരവിട്ടു. ഇതു നടപ്പാക്കുന്നില്ലെന്നു കാണിച്ച് കോടതിയലക്ഷ്യ ഹര്‍ജി വന്നതോടെ ഇതു സംബന്ധിച്ചു സത്യവാങ്മൂലം അപേക്ഷകന്‍ നല്‍കണമെന്നു കഴിഞ്ഞ മാസം എട്ടിനു ഹൈക്കോടതി നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ ഒന്നിന് നം.റവഎ2/49/2021റവ എന്ന സര്‍ക്കുലര്‍ റവന്യു വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പുറത്തിറക്കിയത്.