Thursday, May 2, 2024
HealthindiakeralaNews

കെഎസ്ആര്‍ടിസി സര്‍വീസ് പുനസ്ഥാപിച്ചേക്കും

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പാലക്കാട് കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഈയാഴ്ച പുനസ്ഥാപിച്ചേക്കും. ജനപ്രതിനിധികളുടെ ആവശ്യം മുഖ്യമന്ത്രി രേഖാമൂലം തമിഴ്‌നാട് സര്‍ക്കാരിനെ അറിയിക്കുമെന്നാണ് വിവരം. അതിര്‍ത്തിയില്‍ തമിഴ്‌നാട് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാല്‍ ദിവസേന യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ആശ്വാസമാകും. തമിഴ്‌നാടും കേരളവും അതിര്‍ത്തിയില്‍ പരിശോധന കുറച്ചു. ദിവസേനയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലും ആശ്വാസമുണ്ട്. ഈ സാഹചര്യത്തിലാണ് വാളയാറിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന ആവശ്യം ശക്തമായത്. രണ്ട് ഡോസ് വാക്‌സീന്‍, ആര്‍ടിപിസിആര്‍ ഫലം, ഇപാസ് തുടങ്ങിയ നിബന്ധനകള്‍ ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. ഇതിന് മാറ്റമുണ്ടാകണം. ഇതോടൊപ്പം അതിര്‍ത്തി വരെയുള്ള ബസ് സര്‍വീസ് രണ്ട് ജില്ലകളിലേക്കായി പുനസ്ഥാപിക്കണമെന്നതാണ് ആവശ്യം. ഇക്കാര്യത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാര്‍ ആശയവിനിമയം നടത്തുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ഈയാഴ്ചയോടെ പാലക്കാട് കോയമ്പത്തൂര്‍ സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ കഴിയും.നിലവില്‍ ഇരുസംസ്ഥാനങ്ങളിലെയും ബസുകള്‍ അതിര്‍ത്തിയില്‍ യാത്ര അവസാനിപ്പിക്കുകയാണ്. ഒരു കിലോമീറ്ററിലധികം നടന്നാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ബസില്‍ കയറുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറന്നതോടെ പലര്‍ക്കും യാത്രാ നിയന്ത്രണം കടുത്ത പ്രതിസന്ധിയായിട്ടുണ്ട്.