Monday, April 29, 2024
keralaNews

കെഎസ്ആര്‍ടിസി: ആശ്രിത നിയമനം തല്‍കാലം വേണ്ട

അധികമുള്ള 4000 ജീവനക്കാരെ മാറ്റി നിര്‍ത്തണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കെ.എസ്.ആര്‍.ടി.സി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ ജീവനക്കാരെ മാറ്റി നിര്‍ത്തണമെന്നാണ് ആവശ്യപ്പെടുക. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കെ.എസ്.ആര്‍.ടി.സി, എം.ഡി യൂണിയന്‍ നേതാക്കളുടെ യോഗത്തെ അറിയിച്ചു. മെക്കാനിക്കല്‍ ,കണ്ടക്ടര്‍ വിഭാഗത്തിലുള്‍പ്പെടെ 4000 ജീവനക്കാര്‍ അധികമെന്നാണ് നേരത്തെ മാനേജ്‌മെന്റ് കണ്ടെത്തിയത്. സാമ്പത്തിക സ്ഥിതി തികച്ചും മോശമായതോടെ ഇവരെ മാറ്റി നിര്‍ത്തണമെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ ആവശ്യം. മാറ്റി നിര്‍ത്തുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്ക് ചെറിയ തുക പ്രതിഫലം നല്‍കും.

ഡയറക്ടര്‍ബോര്‍ഡിന്റെ തീരുമാനം കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ ഉടന്‍ സര്‍ക്കാരിനെ അറിയിക്കും. സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ചായിരിക്കും ഇതിന്റെ തുടര്‍നടപടി സ്വീകരിക്കുക. എന്നാല്‍ തീരുമാനത്തെ യൂണിയന്‍ എതിര്‍ക്കുന്നു. ആശ്രിത നിയമനവും തല്‍ക്കാലം വേണ്ടെന്നാണ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം. 181 ആശ്രിത നിയമനത്തിനുള്ള അപേക്ഷകളാണ് കെ.എസ്.ആര്‍.ടി.സി അംഗീകരിച്ചത്. സാമ്പത്തിക സ്ഥിതി മെച്ചമാകുന്നതുവരെയാണ് ആശ്രിത നിയമനത്തിനുള്ള വിലക്ക്. ടിക്കറ്റേതര വരുമാനം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏറെക്കാലം പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് ഡയറക്ടര്‍ബോര്‍ഡിന്റെ നിലപാട്. പൂര്‍ണമായും സര്‍ക്കാര്‍ സഹായം കൊണ്ടാണ് ഇപ്പോള്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നത്.