Tuesday, May 7, 2024
keralaNews

കൃഷിയിടത്തില്‍ പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

പെരിയാര്‍ കടുവ സങ്കേതത്തോട് ചേര്‍ന്ന മേഘമല വന്യജീവി സങ്കേതത്തില്‍ നിന്ന് കൃഷിയിടത്തിലെത്തിയ പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. തേനി ജില്ലയിലെ തേവാരം താഴേയുത്ത് മലയടിവാരത്തില്‍ പാണ്ടി എന്നയാളുടെ കൃഷിയിടത്തിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഈ ഭാഗത്ത് പതിവായി ആന, മ്ലാവ്, കാട്ടുപോത്ത് എന്നിവ വരാറുണ്ടെന്നും കൃഷി നശിപ്പിക്കാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. കൃഷിയിടത്തിലിറങ്ങിയ ആന, തോട്ടം കാവല്‍ക്കാരെ ഉള്‍പ്പെടെ കൊലപ്പെടുത്തിയ സംഭവവും ഈ മേഖലയില്‍ പതിവാണ്. അതിനാല്‍ വന്യജീവികളുടെ ശല്യം ഒഴിവാക്കാന്‍ നടത്തിയ ഏതെങ്കിലും ശ്രമത്തെ തുടര്‍ന്നാണോ ആന ചരിഞ്ഞതെന്ന സംശയം ശക്തമായിരിക്കുകയാണ്.

സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തമപാളയം റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ജഡം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.