Monday, May 6, 2024
Local NewsNewspolitics

കൂറുമാറിയ വനിത പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി

കോട്ടയം: എല്‍ഡിഎഫിലേക്ക് കൂറുമാറിയ യുഡിഎഫ് വനിത പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി. കോട്ടയം രാമപുരം പഞ്ചായത്ത് പ്രസിഡന്റും മാണി ഗ്രൂപ്പ് അംഗവുമായ ഷൈനി സന്തോഷിനെതിരെയാണ് നടപടി.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് ഷൈനി മത്സരിച്ച് വിജയിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റുമായി. യുഡിഎഫിലെ ധാരണ പ്രകാരം രണ്ടാം ടേം ജോസഫ് ഗ്രൂപ്പിന് പ്രസിഡന്റ് സ്ഥാനം നല്‍കണമായിരുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്ന ദിവസം കൂറുമാറി എല്‍ഡിഎഫ് പിന്തുണയോടെ പാര്‍ട്ടി വിപ്പ് ലംഘിച്ച് ഷൈനി പ്രസിഡന്റ് ആവുകയായിരുന്നു.ഇതോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ സന്തോഷം അറിയിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ രാമപുരത്ത് പ്രകടനം നടത്തി. എന്നാല്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന് കിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കും എന്നും ഷൈനി സന്തോഷ് പ്രതികരിച്ചു.