Sunday, May 5, 2024
Local NewsNews

പൂജാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് റോഡില്‍ തള്ളി; പ്രതികള്‍ അറസ്റ്റില്‍

ചങ്ങനാശേരി . ക്ഷേത്രത്തിലെ പൂജാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് റോഡില്‍ തള്ളിയ കേസുമായി ബന്ധപ്പെട്ട് പ്രതികളായ മൂന്നു പേരെ പോലീസ് അറസ്റ്റുചെയ്തു.പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് മൂന്നംഗ സംഘത്തെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.പൂജാരി തിരുവല്ല സ്വദേശി വിഷ്ണു നന്പൂതിരി (32)യെയാണ് ഞായറാഴ്ച രാത്രി ഒന്‍പതിന് പാലമറ്റം ക്ഷേത്രത്തില്‍നിന്നും തട്ടിക്കൊണ്ടുപോയത്. ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനെ മര്‍ദിച്ചതിനുശേഷമാണ് പൂജാരിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇദ്ദേഹത്തെ മര്‍ദിച്ചവശനാക്കി റോഡില്‍ തള്ളുകയായിരുന്നു. ഇദ്ദേഹത്തെ തൃക്കൊടിത്താനം പോലീസ് രാത്രി കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചങ്ങനാശേരി പെരുന്ന കൃഷ്ണപ്രിയ വീട്ടില്‍ പ്രവീണ്‍ (34), തൃക്കൊടിത്താനം ശ്രീകല ഭവന്‍ ഗോകുല്‍ (27), തൃക്കൊടിത്താനം പുലിക്കോട്ടുപടി രാജീവ് ഭവനില്‍ ഹരീഷ് (39) എന്നിവരെയാണു പോലീസ് അറസ്റ്റു ചെയ്തത്. കൃത്യത്തിന് ഉപയോഗിച്ച സ്‌കോര്‍പിയോ കാറും പിടിച്ചെടുത്തു. പ്രവീണിന്റെ ഭാര്യയുമായുള്ള പൂജാരിയുടെ സൗഹൃദത്തില്‍ രോഷാകുലരായാണ് മൂവര്‍സംഘം അക്രമം ആസൂത്രണംചെയ്തതെന്നു പോലീസ് പറയുന്നു.