Tuesday, May 7, 2024
HealthkeralaNews

കുന്നന്താനം പഞ്ചായത്ത് പ്രദേശത്തുനിന്ന് 15 ദിവസംകൊണ്ട് ശേഖരിച്ചത് 7.2 ടണ്‍ കുപ്പിച്ചില്ല്

പഞ്ചായത്ത് പ്രദേശത്തുനിന്ന് 15 ദിവസംകൊണ്ട് ശേഖരിച്ചത് 7.2 ടണ്‍ കുപ്പിച്ചില്ല്. ഹരിതകര്‍മസേന മാലിന്യ സംസ്‌കരണ വാര്‍ഷിക കലണ്ടര്‍ പ്രകാരം 15 വാര്‍ഡുകളില്‍നിന്നാണ് പൊട്ടിയ ഗ്ലാസും മറ്റ് ചില്ല് മാലിന്യങ്ങളും ശേഖരിച്ചത്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലുമായി 21 മിനി മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍ സ്ഥാപിച്ചിരുന്നു. ഇവിടങ്ങളില്‍ പൊതുജനങ്ങള്‍ ശേഖരിച്ച ചില്ലുമാലിന്യങ്ങള്‍ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ (എംസിഎഫ്) എത്തിച്ചാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്.

മാലിന്യസംസ്‌കരണം പ്രധാന ലക്ഷ്യമാക്കി പ്രഖ്യാപിച്ചാണ് പഞ്ചായത്ത് ഭരണസമിതി പ്രവര്‍ത്തിച്ചുവരുന്നത്. ഹരിതകര്‍മസേന അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ക്യാംപെയിന്റെ വിജയം. ക്ലീന്‍ കുന്നന്താനം, ഗ്രീന്‍ കുന്നന്താനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള കൂട്ടായ പരിശ്രമവും നടത്തിവരുന്നു. എംസിഎഫ് സേന അംഗങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും പദ്ധതികള്‍ തയാറാക്കുന്നുണ്ട്.സമ്പൂര്‍ണ ഉറവിട മാലിന്യസംസ്‌കരണം ലക്ഷ്യമിട്ട് ബയോകമ്പോസ്റ്റര്‍ ബിന്‍, കമ്പോസ്റ്റ് പിറ്റ്, ദ്രവമാലിന്യ സംസ്‌കരണത്തിനായി സോക്പിറ്റ് എന്നിവ നിര്‍മിക്കുന്നതിനും 2021-2022 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.