Saturday, May 4, 2024
keralaNews

കുഞ്ഞിന് ജന്മം നല്‍കുന്നതില്‍ അമ്മയുടെ തീരുമാനമാണ് പരമപ്രധാനം : ഡല്‍ഹി ഹൈക്കോടതി.

കുഞ്ഞിന് ജന്മം നല്‍കുന്നതില്‍ അമ്മയുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് പ്രതിഭ എം സിംഗ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. 33 ആഴ്ച ഗര്‍ഭിണിയായ യുവതിയുടെ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം.26 കാരിയുടെ ഹര്‍ജി പരിഗണിച്ച കോടതി യുവതിക്ക് മെഡിക്കല്‍ അബോര്‍ഷന്‍ നടത്താന്‍ അനുമതി നല്‍കി. ഡോക്ടര്‍മാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. ഭ്രൂണം നീക്കം ചെയ്യുന്നത് ശരിയല്ലെന്ന് ലോക് നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സമിതി അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഡോക്ടര്‍മാരുമായി സംസാരിച്ചതിന് ശേഷം ഭ്രൂണം നീക്കം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

33 ആഴ്ച പ്രായമുള്ള തന്റെ ഭ്രൂണം നീക്കം ചെയ്യാനുള്ള അനുമതിയാണ് ഹര്‍ജിക്കാരിയായ യുവതി ആവശ്യപ്പെട്ടത്. ഗര്‍ഭധാരണം മുതല്‍ നിരവധി പരിശോധനകള്‍ നടത്തിയിരുന്നതായി ഹര്‍ജിയില്‍ പറയുന്നു. നവംബര്‍ 12 ന് നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയില്‍ ഭ്രൂണത്തിന് സെറിബ്രല്‍ ഡിസോര്‍ഡര്‍ ഉണ്ടെന്ന് കണ്ടെത്തി. ഇത് ഉറപ്പിക്കാന്‍ നവംബര്‍ 14 ന് മറ്റൊരു ആശുപത്രിയിലും പരിശോധിച്ചു. അതിലും സെറിബ്രല് ഡിസോര്ഡര് കണ്ടെത്തി. പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചത്.