Wednesday, April 24, 2024
keralaNews

വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവിതാവസാനം വരെ തടവ്.

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവിതാവസാനം വരെ തടവ്. ഒപ്പം പ്രതികള്‍ 1,65,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക സഹോദരിക്കാണ് നല്‍കേണ്ടത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. ഇളവുകള്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. സംതൃപ്തിയുള്ള വിധിയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. 2018 മാര്‍ച്ചിലാണ് ലാത്വിയന്‍ സ്വദേശിയായ യുവതി ലിഗയെ പ്രതികള്‍ ക്രൂരമായി ബലാത്സം ചെയ്ത് കൊലപ്പെടുത്തിയത്.തിരുവനന്തപുരം പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് പ്രതികള്‍. കൊലപാതകം, കൂട്ട ബലാത്സംഗം, മയക്കുമരുന്ന് നല്‍കി ഉപദ്രവിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി തടവില്‍വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.
അതേസമയം, കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഡിജിപി അനില്‍ കാന്ത് അനുമോദിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ ഡോ.കെ.ശശികല ഉള്‍പ്പെടെയുള്ള സയന്റിഫിക് ഓഫിസര്‍മാര്‍ക്കും പൊലീസ് ആദരം നല്‍കി.