Sunday, May 5, 2024
keralaNews

കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ;അനുപമ എസ്. ചന്ദ്രന്‍

തിരുവനന്തപുരം: അനധികൃത ദത്തുകേസിലെ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നതായി കേസിലെ പരാതിക്കാരി അനുപമ എസ്. ചന്ദ്രന്‍. പരിശോധനക്കായി സാമ്പിളുകള്‍ ഒരുമിച്ച് ശേഖരിക്കണം. ഇന്നുതന്നെ കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു. ഇതിനിടെ ഡിഎന്‍എ പരിശോധനക്കായി സിഡബ്യുസി ഉടന്‍ നോട്ടീസ് നല്‍കിയേക്കും.ഡിഎന്‍എ പരിശോധനക്കായി എന്ന് സാമ്പിള്‍ എടുക്കും, എപ്പോള്‍ എടുക്കും, എങ്ങനെ എടുക്കും, ഒരുമിച്ചാണോ എടുക്കുക ഇങ്ങനെ ഒന്നിലും ഔദ്യോഗികമായ അറിയിപ്പ് തന്നിട്ടില്ലെന്ന് അനുമപ ആരോപിച്ചു. ‘ഞങ്ങള്‍ക്ക് ഉത്കണ്ഠ ഉണ്ടാകില്ലെ കുഞ്ഞിന്റെ കാര്യത്തില്‍? ഡിഎന്‍എ സാമ്പിള്‍ രണ്ടായിട്ടേ എടുക്കുകയുള്ളു, കുഞ്ഞിന്റെ പ്രത്യേകമായാണ് എടുക്കുന്നത് എന്ന് പറയുന്നു. എന്തിനാണ് അങ്ങനെ ഒരു വാശി ? ഇവര്‍ എല്ലാം വ്യക്തിപരമായാണ് കാണുന്നത്. കോടതിയുടെ കാര്യം ഒക്കെ പറയുന്നു. കുഞ്ഞിന്റെ കാര്യം പുതിയ കേസായി പരിഗണിച്ച് എന്ത് തീരുമാനവും സിഡബ്യുസിക്ക് എടുക്കാം എന്ന് നിര്‍ദേശം കൊടുത്തിരിക്കെ അവര്‍ക്കുള്ള അധികാരത്തില്‍ പെരുമാറിക്കൂടെ? ‘ – അനുപമ ചോദിച്ചു.നേരത്തെ, ദത്തുവിവാദത്തില്‍ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ജില്ലാ ശിശുക്ഷേമസമിതി നിയോഗിച്ച പ്രത്യേകസംഘം ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ഞായറാഴ്ച രാത്രി 8.28-നാണ് കുഞ്ഞുമായി സംഘം വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. പതിനഞ്ചുമിനിറ്റിനകം കുഞ്ഞിനെ കുന്നുകുഴിയിലുള്ള നിര്‍മല ശിശുഭവനിലെത്തിച്ചു. ഡി.എന്‍.എ. പരിശോധന നടത്തുംവരെ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ സംരക്ഷണയിലായിരിക്കും കുഞ്ഞ്. അതിനുശേഷം സംരക്ഷിക്കാന്‍ കഴിയുന്നയാളെ കണ്ടെത്തി കൈമാറും.വന്‍ പോലീസ് സുരക്ഷയാണ് കുഞ്ഞിനെ കൊണ്ടുവരുന്നതിനായി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. കനത്ത സുരക്ഷയില്‍ത്തന്നെ കുഞ്ഞിനെയും കൊണ്ടുവന്ന സ്ത്രീയെയും പ്രത്യേക കാറില്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയി. ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനുള്‍പ്പെടെ മൂന്നുപോലീസുകാരും ഒരു സാമൂഹികപ്രവര്‍ത്തകയുമാണ് സംഘത്തിലുണ്ടായിരുന്നത്.