Monday, April 29, 2024
keralaNews

കിരണ്‍കുമാര്‍ കുറ്റക്കാരന്‍

കൊല്ലം: ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന്  കോടതി .കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പ്രസ്താവിച്ചത്.ശിക്ഷ നാളെ പ്രഖ്യാപിക്കും. കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. അമ്മ ഉള്‍പ്പെടെ വീട്ടിലിരുന്നാണ് വിധി കേട്ടത്.

സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റങ്ങളാണ് ഭര്‍ത്താവ് കിരണിനെതിരെ ചുമത്തിയിരുന്നത്. വിസ്മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ തന്നെ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കോടതി വിധി പറയുകയാണ്. അവസാന നിമിഷം വരെ താന്‍ തെറ്റാന്നും ചെയ്തിട്ടില്ലെന്നായിരുന്നു കിരണിന്റെ വാദം.2020 മേയ് 30 നാണ് വിസ്മയയെ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം ചെയ്തത്.നിലമേല്‍ കൈതോട് കെ.കെ.എം.പി ഹൗസില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ വിസ്മയയെ (24)യെ 2021 ജൂണ്‍ 21-ന് ആണ് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് ഭര്‍ത്താവ് പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാറിനെ പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു.