Friday, May 10, 2024
EntertainmentkeralaNews

കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി.

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി.ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ ആലുവയിലെ വീട്ടില്‍ വെച്ചാണ് ചോദ്യം ചെയ്തത്. നാലരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം തിരിച്ചു പോയത്. വധ ഗൂഢാലോചനക്കേസിലും കാവ്യയെ ചോദ്യം ചെയ്തു.നേരത്തെ നോട്ടീസ് നല്‍കിയപ്പോഴും വീട്ടില്‍ വെച്ചുള്ള ചോദ്യം ചെയ്യലിന് മാത്രമെ കാവ്യ വഴങ്ങിയിരുന്നുള്ളൂ.എന്നാല്‍ ചോദ്യം ചെയ്യാനായി പ്രൊജക്ടര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വീട്ടിലെത്തി ചോദ്യം ചെയ്യേണ്ടെന്നാണ് അന്ന് ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. പക്ഷേ മെയ് 31 നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതോടെ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് കാവ്യയ്ക്ക് വീണ്ടും നോട്ടീസ് നല്‍കിയത്.വീട്ടില്‍ വെച്ച് മാത്രം ചോദ്യം ചെയ്യലാകാമെന്ന് കാവ്യ ക്രൈം ബ്രാഞ്ചിനോട് ആവര്‍ത്തിച്ചതോടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയ അന്വേഷണ സംഘം 12 മണിയോടെ പത്മ സരോവരത്തിലെത്തുകയായിരുന്നു.