Wednesday, May 8, 2024
keralaNews

കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന വധഗൂഢാലോചനക്കേസിലും അന്വേഷണം വേഗത്തിലാക്കാന്‍ ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനുവദിച്ച ഹൈക്കോടതി ഇനി ദീര്‍ഘിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യാ മാധവനെയടക്കം വൈകാതെ ചോദ്യം ചെയ്യാനാണ് തീരുമാനം.

സായി ശങ്കര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ ഫൊറന്‍സിക് പരിശോധനാഫലവും നിര്‍ണായകമാണ്. വധഗൂഡാലോചനാക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുളള ഗൂഡാലോചനയ്ക്കപ്പുറത്ത് ദിലീപ് നടത്തിയ നീക്കങ്ങളാണ് അന്വേഷണ സംഘം ഇനി പരിശോധിക്കുക. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന വേഗത്തിലാക്കും.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ജാമ്യം തേടി പള്‍സര്‍ സുനി നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകാന്‍ സാധ്യത ഇല്ലെന്നും കേസില്‍ താനൊഴികെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. കേസില്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ നിരവധി സാക്ഷികളെ വിസ്തരിക്കേണ്ടി വരും. അഞ്ച് വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാനപ്പെട്ട ആവശ്യം.