Sunday, May 19, 2024
keralaNews

മാനസിക വിഭ്രാന്തിയുള്ള മകന്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

തൃശൂരില്‍ മാനസിക വിഭ്രാന്തിയുള്ള മകന്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശൂര്‍ വരന്തരപ്പിള്ളി പൗണ്ട് കച്ചേരിക്കടവ്(മൊയലന്‍ പടി) കിഴക്കൂടന്‍ വീട്ടില്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി (75) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ജോര്‍ജിനെ(44) പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെയായിരുന്നു സംഭവം. അയല്‍ക്കാരാണ് എല്‍സി വീടിനുള്ളില്‍ മരിച്ച് കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. എല്‍സിയും മകന്‍ ജോര്‍ജും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ജോര്‍ജ് നേരത്തെ തന്നെ മാനസിക വിഭ്രാന്തിയുള്ളയാളാണ്. ഇയാള്‍ സ്വന്തം അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഇതിന് മുന്‍പും ജോര്‍ജ് ഇത്തരത്തില്‍ ആക്രമണം നടത്തിയിട്ടുണ്ട്. എട്ടു മാസം മുമ്പ് ജോര്‍ജിനെ ചികിത്സയ്ക്കു കൊണ്ടുപോകുന്നതിന് സഹായിക്കാനായി പോലീസ് എത്തിയപ്പോഴായിരുന്നു സംഭവം. അഡീഷണല്‍ എഎസ്ഐയെയാണ് ജോര്‍ജ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കുറെക്കാലം ജോര്‍ജ് മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് 6 മാസത്തോളമായി അമ്മയും മകനും ഒരുമിച്ച് വീട്ടില്‍ താമസിച്ചു വരികയായിരുന്നു.