Monday, April 29, 2024
keralaNewsObituaryUncategorized

കാല്‍ വഴുതി വീണ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നവവരന്‍ മരിച്ചതെന്ന് പോലീസ്

കോഴിക്കോട്:കുറ്റ്യാടിപുഴയില്‍ കാല്‍ വഴുതി വീണ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നവവരന്‍ മരിച്ചതെന്ന് പോലീസ്. നവവരന്‍ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പോലീസ്. കുടുംബത്തോടൊപ്പം പുഴ കാണാനെത്തിയതായിരുന്നു നവ ദമ്പതിമാര്‍. അതിനിടെ ഭാര്യ കനിക കാല്‍ വഴുതി പുഴയിലേക്ക് വീണു. കനികയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റെജിന്‍ ഒഴിക്കില്‍പ്പെടുകയും മുങ്ങിത്താഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പതിനൊന്ന് മണിയോടെ ബന്ധുകള്‍ക്കൊപ്പമാണ് ദമ്പതികള്‍ പുഴക്കരയില്‍ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവര്‍ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫര്‍ കൂടെയുണ്ടായിരുന്നില്ലെന്നും പോലീസ്് വ്യക്തമാക്കി.

റെജിന്റെ ജീവനെടുത്ത കുറ്റ്യാടി പുഴയില്‍ മറഞ്ഞിരിക്കുന്ന ചുഴി അതീവ അപകടകാരിയെന്ന് നാട്ടുകാര്‍ പറയുന്നു. പുഴയില്‍ മരണ ചുഴി ഒളിഞ്ഞിരിക്കുന്നുണ്ടെന്നും നാട്ടുകാരുടേയും വിനോദ സഞ്ചാരികളുടേയും അടക്കം നിരവധിപേരുടെ ജീവനെടുത്ത പുഴയാണിതെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇന്ന് ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ കടിയങ്ങാട് ചങ്ങരോത്ത് സ്വദേശികളായ റെജിന്‍ലാല്‍ ,ഭാര്യ കനിക എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. കനിക ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കഴിഞ്ഞ മാസം 14ാം തീയതിയായിരുന്നു റെജിലിന്റേയും കനികയുടേയും വിവാഹം.