Friday, May 3, 2024
keralaNews

കാറില്‍ കടത്തിയ 50 ലക്ഷം രൂപയുടെ 70 കിലോ കഞ്ചാവുമായി ക്രിമിനല്‍ സംഘം പിടിയില്‍

കാറില്‍ കടത്തിയ 50 ലക്ഷം രൂപയുടെ 70 കിലോ കഞ്ചാവുമായി ക്രിമിനല്‍ സംഘം പോലീസ് പിടിയിലായി. കല്ലടിക്കോട് ചുങ്കം പീടികപ്പറമ്പില്‍ സനു എന്ന ചുക്ക് സനു (39), സുഹൃത്ത് മണ്ണാര്‍ക്കാട് വെട്ടിക്കല്ലടി ഷഫീഖ് (27) എന്നിവരെയാണ് പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സക്വാഡും കൊഴിഞ്ഞാമ്പാറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇന്നലെ അര്‍ദ്ധരാത്രി വേലന്താവളം ചെക്ക് പോസ്റ്റില്‍ വെച്ച് പിടികൂടിയത്. ആന്ധ്രപ്രദേശില്‍ നിന്നും ആഡംബര കാറിന്റെ ഡിക്കിക്കകത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്നു കഞ്ചാവ്. നിരവധി തവണ കഞ്ചാവ് കടത്തിയതായി പ്രതി മൊഴി നല്‍കി. പിടിച്ചെടുത്ത കഞ്ചാവിന് 50 ലക്ഷം രൂപ വില വരും. ഒന്നാം പ്രതി സനുവിനെ ആഴ്ചകളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പാലക്കാട്, തൃശൂര്‍ , മലപ്പുറം ജില്ലകളിലെ കഞ്ചാവ് കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുവാന്‍ കൊണ്ടുവന്നതാണ്.

സനുവിന് നേരത്തെ മഞ്ചേരി , പെരിന്തല്‍മണ്ണ , മണ്ണാര്‍ക്കാട്, കോങ്ങാട്, എന്നീ പോലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് കേസ് നിലവിലുണ്ട് കൂട്ടകെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി ഹൈവേ റോബറി, ചീറ്റിംഗ്, വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ട്. കുഴല്‍പ്പണം കടത്തുകാരെ കൊള്ളയടിക്കുന്ന സംഘത്തിലെ പ്രധാനിയാണ് സനു. ആന്ധ്രയില്‍ നിന്നും കഞ്ചാവ് വരുന്നുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐപിഎസിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സി.ഡി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വിവിധ സംസ്ഥാന അതിര്‍ത്ഥികളില്‍

ലഹരി വിരുദ്ധ സേനയിലെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയായിരുന്നു. കൊഴിഞ്ഞാമ്പാറ ഇന്‍സ്‌പെക്ടര്‍ ശശിധരന്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്. ജലീല്‍, ജോണ്‍സണ്‍ ലോബോ ടി.ആര്‍ സുനില്‍ കുമാര്‍, റഹീം മുത്തു, സി.എസ് സാജിദ്, ആര്‍. കിഷോര്‍, കൃഷ്ണദാസ്, യു. സൂരജ് ബാബു, കെ .അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ്, എസ്.ഷനോസ്, കെ. ദിലീപ്, എസ്. ഷമീര്‍, എ.ആര്‍. ക്യാമ്ബ് എസ്ഐ ഗംഗാധരന്‍, കെഎപിപി സി നിധീഷ്.വി, കൊഴിഞ്ഞാമ്ബാറ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ചന്ദ്രന്‍, എസ്.സി.പി.ഒ രതീഷ്, സി.പി.ഒ സുധീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.