Sunday, May 12, 2024
indiaNewsSports

ദക്ഷിണാഫ്രിക്കയെ 4-3ന് തകര്‍ത്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്വാര്‍ട്ടറില്‍

ഒളിമ്പിക്സ് ഹോക്കിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നിനെതിരെ നാലു ഗോളുകളുടെ ജയം സ്വന്തമാക്കി ഇന്ത്യയുടെ വനിതാ ഹോക്കി ടീം. വന്ദന കത്താരിയയുടെ ഹാട്രിക് പ്രകടനമാണ് ഇന്ത്യക്ക് ആവേശകരമായ ജയം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചതോടെ ഇന്ത്യന്‍ ഹോക്കി വനിതകള്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ്. പൂള്‍ എ യിലെ ഇന്നത്തെ മത്സരത്തില്‍ ബ്രിട്ടനോട് അയര്‍ലന്‍ഡ് തോല്‍ക്കുകയോ സമനിലയിലെത്തുകയോ ചെയ്താല്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടക്കും.

ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ മിഡ് ഫീല്‍ഡിലും പ്രതിരോധത്തിലും മികച്ച ഫോമിലായിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ വന്ദന കത്താരിയയിലൂടെ ഇന്ത്യ ലീഡെടുത്തു. എന്നാല്‍ ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടാരിന്‍ ഗ്ലാസ്ബിയിലൂടെ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. 17ആം മിനിറ്റില്‍ ദീപ ഗ്രേസ് ഫ്ളിക് ചെയ്ത് തന്ന പന്ത് വലയിലെത്തിച്ച വന്ദന ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 30ആം മിനിറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് എറിന്‍ ഹണ്ടര്‍ ഇന്ത്യക്കെതിരെ സമനില ഗോള്‍ കണ്ടെത്തി. 32ആം മിനിറ്റില്‍ നേഹ ഗോയലിലൂടെ ഇന്ത്യ വീണ്ടും ലീഡെടുത്തെങ്കിലും 39ആം മിനിറ്റില്‍ മാരിസെന്‍ മാറയ്സിലൂടെ ദക്ഷിണാഫ്രിക്ക വീണ്ടും മത്സരത്തില്‍ ഇന്ത്യക്കൊപ്പമെത്തി. മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തില്‍ 49ആം മിനിറ്റില്‍ വന്ദന കത്താരിയ ഇന്ത്യയുടെ വിജയ ഗോള്‍ നേടുകയായിരുന്നു.