Saturday, May 4, 2024
keralaNews

വിലകൂട്ടിയാല്‍ പിടിവീഴും, കര്‍ശന നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കൊവിഡ് അവശ്യ വസ്തുകള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. അവശ്യവസ്തുനിയന്ത്രണ നിയമം നടപ്പാക്കുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പിന് അധികാരം നല്‍കും. ഉത്തരവിലെ ന്യൂനത പരിഹരിക്കാനുള്ള സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം. ഇതോടെ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി പരിശോധ നടപടിയിലേക്ക് കടക്കും.മാസ്‌ക്, സാനിറ്റൈസര്‍, പി പി ഇ കിറ്റ് അടക്കം 15 അവശ്യവസ്തുക്കളുടെ വില നിശ്ചയിച്ച് സിവില്‍സപ്ലൈസ് വകുപ്പ് ഈ മാസം 14ന് ഉത്തരവിറക്കിയിരുന്നു.                                                                                                         എന്നാല്‍ ഓക്സീമീറ്റര്‍ അടക്കം ലഭ്യതകുറഞ്ഞ വസ്തുക്കള്‍ക്ക് അനിയന്ത്രിതമായ വിലകയറ്റമാണ് വിപണിയില്‍. ഇത്തരം വസ്തുക്കള്‍ക്ക് വ്യാപാരികള്‍ അമിതവിലചുമത്തുകയാണ് എന്ന പരാതി വ്യാപകമായതോടെ വിപണിയിലെ ചൂഷണം ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായിരുന്നു.വിലനിശ്ചയിച്ച് പുറത്തിറക്കിയ ഉത്തരവ് പ്രകാരം സിവില്‍ സപ്ലൈസ് പരിശോധന വിഭാഗത്തിനും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡ്രഗ്സ് കണ്‍ട്രോളര്‍ക്കും മാത്രമേ നടപടി എടുക്കാനാകൂ.                              രണ്ട് വിഭാഗങ്ങളും കൊവിഡ് പ്രതിരോധത്തിലും ഭക്ഷ്യ വിതരണത്തിന്റെയും തിരക്കുകളിലുമാണ്. ഈ സാഹചര്യത്തിലാണ് കേരള അവശ്യവസ്തു നിയന്ത്രണ നിയമപ്രകാരം ലീഗല്‍ മെട്രോളജി വകുപ്പിനെ അധികാരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ലീഗല്‍ മെട്രോളജി വിഭാഗത്തിന് പരിശോധനയ്ക്ക് അധികാരം ലഭിക്കുന്നതോടെ അമിതവില കണ്ടെത്താന്‍ മൂന്ന് വിഭാഗങ്ങളും സംയുക്തമായ പരിശോധന തുടങ്ങും. ആരോഗ്യ, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ക്ക് പാക്കേജ് കമ്മോഡിറ്റി നിയമപ്രകാരമുള്ള പരിശോധന മാത്രമേ സാദ്ധ്യമാകൂ.                                                                                                                എന്നാല്‍ പാക്കേജ് കമ്മോഡിറ്റി നിയമപ്രകാരമുള്ള പരിശോധനയേക്കാള്‍ കര്‍ക്കശ ഇടപെടല്‍ ലീഗല്‍ മെട്രോളജി വകുപ്പിന് സാദ്ധ്യമാകും. കൊവിഡ് അവശ്യ വസ്തുക്കളുടെ വില കുറയ്ക്കാന്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.