Friday, May 3, 2024
indiaNewsworld

കാബൂള്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം

കാബൂള്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. പാര്‍പ്പിടമേഖലയിലാണ് സ്‌ഫോടനമെന്നും റോക്കറ്റ് ആക്രമണമാണ് ഉണ്ടായതെന്നും സൂചന. വരും മണിക്കൂറുകളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. വിമാനത്താവളത്തില്‍ നിന്ന് അമേരിക്കന്‍ സേന പിന്‍മാറ്റം തുടങ്ങിയതോടെ മൂന്ന് പ്രധാന കവാടങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു.അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ ബ്രിട്ടന്‍ പൂര്‍ത്തിയാക്കി. ബ്രിട്ടീഷ് അംബാസഡര്‍ അടക്കമുളളവരുമായി റോയല്‍ എയര്‍ഫോഴ്‌സിന്റെ അവസാന വിമാനം കാബൂളില്‍ നിന്ന് ലണ്ടനിലെത്തി. അമേരിക്കയും സേനാപിന്‍മാറ്റത്തിന്റെ അവസാനഘട്ടത്തിലാണ്. നാറ്റോ സേന പിന്‍മാറുന്ന മുറയ്ക്ക് കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുകയാണ്.ദോഹ ഉടമ്പടി പ്രകാരം ഇനി രണ്ടുദിവസം മാത്രമാണ് സേനാ പിന്‍മാറ്റത്തിന് അവശേഷിക്കുന്നത്. അഫ്ഗാനിലുളള സൈനികര്‍ക്കും പൗരന്‍മാര്‍ക്കും മാത്രം മുന്‍ഗണന നല്‍കിയാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും ഒഴിപ്പിക്കല്‍. ബ്രിട്ടന്റെ അവസാനസംഘത്തില്‍ സൈനികര്‍ക്കൊപ്പം അംബാസഡര്‍ സര്‍ ലാറി ബ്രിസ്റ്റോയും കാബൂളില്‍ നിന്ന് ലണ്ടനിലെത്തി. സങ്കീര്‍ണമായ ഒഴിപ്പിക്കാണ് പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അര്‍ഹരായ ആയിരത്തോളം അഫ്ഗാനികളെ കൊണ്ടുപോരാനായില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.രണ്ടുദിവസത്തിനുളളില്‍ പിന്‍മാറ്റം പൂര്‍ത്തിയാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കി.