Tuesday, May 21, 2024
keralaNews

മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തില്‍

ആഴക്കടല്‍ മല്‍സ്യബന്ധനം അടിമുടി മാറ്റിമറിക്കാന്‍ നാനൂറ് അത്യാധുനിക ട്രോളറുകളുകള്‍ നിര്‍മിക്കാനുള്ള കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ നീക്കത്തിനെതിരെ മല്‍സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്ത്. അനിയന്ത്രിതമായ ട്രോളര്‍ ഉപയോഗം മല്‍സ്യ സമ്പത്തിന്റെ വ്യാപകമായ നാശത്തിന് കാരണമാകുമെന്നാണ് ആക്ഷേപം.

അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുമായി സഹകരിച്ച് 2950 കോടി രൂപ ചെലവില്‍ ബൃഹത് നവീകരണ പദ്ധതിയാണ് കെ.എസ്.ഐ.എന്‍.സി നടപ്പാക്കാനൊരുങ്ങുന്നത്. ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് രാജ്യാന്തരനിലവാരത്തില്‍ ട്രോളറുകള്‍ നിര്‍മിച്ചു നല്‍കാനാണ് കരാര്‍. ഒരെണ്ണത്തിന് രണ്ടുകോടിയോളം രൂപയാണ് ചെലവ്. ഹാര്‍ബര്‍ ആധുനികവല്‍ക്കരണം, സംസ്‌കരണ യൂണിറ്റ് എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ മല്‍സ്യസമ്പത്തിനെ വ്യാപകമായി നശിപ്പിക്കുന്ന ട്രോളറുകള്‍ ആവശ്യമില്ലായെന്ന നിലപാടിലാണ് മല്‍സ്യത്തൊഴിലാളി സംഘടനകള്‍. വിവിധ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ മല്‍സ്യസമ്പത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ് ശക്തമാക്കുന്നത്. നാനൂറ് ട്രോളറുകളും തീരക്കടലിലോ, തൊട്ടടുത്തുള്ള പുറംകടലിലോ വിന്യസിക്കുന്നതോടെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാകുമെന്നും സംഘടനകള്‍ ആരോപിക്കുന്നു.

സഹകരണ സംഘങ്ങള്‍ക്കായി പത്ത് ആഴക്കടല്‍ ബോട്ടുകള്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമായി ധാരണയിലെത്തിയിരുന്നു. ഈ പദ്ധതി അപ്രസക്തമാകുമെന്നും സംഘടനകള്‍ ആശങ്കപ്പെടുന്നുണ്ട്.