Friday, May 3, 2024
Newsworld

കാബൂളില്‍ ചാവേര്‍ ആക്രമണം; മനുഷ്യ ബോംബിന്റെ ചിത്രം പുറത്തുവിട്ടു

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിനുപുറത്ത് ചാവേറുകള്‍ ആക്രമണം നടത്തിയത് അമേരിക്കന്‍ സൈനികരുടെ തൊട്ടടുത്ത് നിന്നെന്ന് റിപ്പോര്‍ട്ട്. പരമാവധി അമേരിക്കക്കാരെ കൊല്ലുക എന്നതാണ് ചാവേറിന്റെ പ്രധാന ലക്ഷ്യം. ഇതിനൊപ്പം താലിബാനെ നിഷ്പ്രഭമാക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.താലിബാന്റെ ഏറ്റവും ക്രൂര വിഭാഗമായ ഹഖാനി നെറ്റ്വര്‍ക്കിനായിരുന്നു വിമാനത്താവളത്തിന്റെയും പരിസരത്തിന്റെയും സംരക്ഷണ ചുമതല. ഇവരുടെ സുരക്ഷാ സംവിധാനങ്ങളെ തകര്‍ത്തുകൊണ്ടാണ് സ്‌ഫോടക വസ്തുക്കളുമായി ചാവേര്‍ എത്തിയത്. അബ്ദുല്‍ റഹ്‌മാന്‍ അല്‍ ലോഗാരി എന്ന ചാവേറിന്റെ ചിത്രവും അഫ്ഗാനിലെ ഐസിസ് വിഭാഗമായ ഖൊരാസന്‍ പുറത്തുവിട്ടു. ഇയാള്‍ എവിടത്തുകാരനാണെന്ന് വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടെലിഗ്രാമില്‍ ഖൊരാസന്‍ പ്രസ്താവന നടത്തുകയും ചെയ്തു.

അതിനിടെ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയെന്നാണ് അമേരിക്കന്‍ ടിവി ചാനലായ സിബിഎസ് റിപ്പോര്‍ട്ടുചെയ്യുന്നത്. 150 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ പതിമൂന്നുപേര്‍ അമേരിക്കന്‍ സൈനികരാണ്. താലിബാന്‍ ഭീകരരും മരിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിനോട് ചേര്‍ന്ന് അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ രേഖകള്‍ തയ്യാറാക്കുന്ന അമേരിക്കന്‍ സൈനികരായിരുന്നു ചാവേറുകളുടെ പ്രധാന ലക്ഷ്യം.

അതേസമയം, തങ്ങളുടെ തട്ടകത്തില്‍ കയറി ഖൊരാസന്‍ ചാവേര്‍ ആക്രമണം നടത്തിയത് താലിബാനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ ഇവര്‍ തമ്മിലുള്ള പക വീണ്ടും കൂടിയിട്ടുണ്ട്. ഇനിയും ചാവേര്‍ ആക്രമണം ഉണ്ടായേക്കുമെന്നാണ് താലിബാന്‍ കരുതുന്നത്.