Thursday, May 9, 2024
keralaNewsSports

കേരളം പ്രീക്വാര്‍ട്ടറില്‍ ;മധ്യപ്രദേശിനെ വീഴ്ത്തി

മധ്യപ്രദേശിനെ വീഴ്ത്തി കേരളം സയ്യിദ് മുഷ്താഖ് അലി ട്രോഫി പ്രീക്വാര്‍ട്ടറില്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) സൂപ്പര്‍ താരോദയങ്ങളായ ആവേശ് ഖാന്‍, വെങ്കിടേഷ് അയ്യര്‍ തുടങ്ങിയവര്‍ അണിനിരന്ന മധ്യപ്രദേശിനെ എട്ടു വിക്കറ്റിനാണ് കേരളം തുരത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 171 റണ്‍സ്. കേരളം 12 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി.വിജയത്തോടെ കേരളത്തിന് ഗ്രൂപ്പ് ഡിയില്‍ അഞ്ച് കളികളില്‍നിന്ന് 12 പോയിന്റുമായി രണ്ടാം സ്ഥാനം നേടിയാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. 16 പോയിന്റുമായി ഗുജറാത്താണ് മുന്നില്‍. അവര്‍ നേരെ ക്വാര്‍ട്ടറില്‍ കടന്നു. മധ്യപ്രദേശിനും 12 പോയിന്റുണ്ടെങ്കിലും നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കേരളത്തോട് തോറ്റതോടെ അവര്‍ മൂന്നാം സ്ഥാനത്തായി.

പിരിയാത്ത മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്താണ് സഞ്ജു സച്ചിന്‍ സഖ്യം കേരളത്തെ വിജയതീരമണച്ചത്. വെറും 63 പന്തില്‍നിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 110 റണ്‍സ്. ഇരുവരും അര്‍ധസെഞ്ചുറിയും നേടി. സഞ്ജു 33 പന്തില്‍ 56 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു ഫോറും മൂന്നു സിക്‌സും ഉള്‍പ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. സച്ചിന്‍ ബേബി 27 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സുമായി സഞ്ജുവിന് കൂട്ടുനിന്നു.