Monday, April 29, 2024
keralaNews

കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി

തിരുവനന്തപുരം: കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവെളി റെയില്‍വേ സ്റ്റേഷന്‍ സമീപത്ത് 300 മീറ്റര്‍ അകലെയുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കുമെന്ന് ഡിസിപി നിധിന്‍ രാജ് പറഞ്ഞു. കാഴ്ച്ചയില്‍ കുട്ടിക്ക് പ്രശ്‌നങ്ങളില്ല. ബാക്കി കാര്യങ്ങള്‍ മെഡിക്കല്‍ പരിശോധനയില്‍ അറിയുമെന്നും ഡിസിപി പറഞ്ഞു. 15 മിനിറ്റ് മുമ്പാണ് കുട്ടിയെ കണ്ടെത്തിയത്. മണ്ണന്തല എസ് എച്ച് ഒ ബിജു കുറുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത് . വട്ടകായല്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കിട്ടിയത്. ഹൈദരാബാദ് എല്‍ പി നഗര്‍ സ്വദേശികളായ അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകളെയാണ് കാണാതായത്. ഇവര്‍ക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാന്‍ കിടന്നത്. ഇക്കൂട്ടത്തില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. നാട്ടുകാരാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്യം പൊലീസില്‍ അറിയിച്ചത്. ഇന്നലെ രാത്രി 12ന് ശേഷം രണ്ട് പേര്‍ ബൈക്കില്‍ പോകുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. അവര്‍ക്കിടയില്‍ കുട്ടി ഉള്ളതായി സംശയമുണ്ടായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ രാത്രിയായപ്പോള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്നാണ് സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് നല്‍കുന്ന വിവരം. കുട്ടിയെ കാണാതായ സംഭവത്തില്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്. അന്വേഷണത്തില്‍ ബ്രഹ്‌മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യം നിര്‍ണായകമായിരുന്നു. കുട്ടിയെ കണ്ടെത്തിയതില്‍ മാതാപിതാക്കള്‍ പൊലീസിന് നന്ദി അറിയിച്ചു. മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടിയെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജനറല്‍ ആശുപത്രിയില്‍ നടന്ന പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.പരിശോധനയ്ക്കുശേഷം എസ്എടി ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റും.