Tuesday, May 7, 2024
keralaNewspolitics

കസ്റ്റംസ് ഓഫീസുകളിലേക്ക് നാളെ എല്‍.ഡി.എഫ് മാര്‍ച്ച്

ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിനെതിരെ പ്രതിരോധവുമായി എല്‍.ഡി.എഫ്. കസ്റ്റംസ് നീക്കത്തിനെതിരെ നാളെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അറിയിച്ചു.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ആരോപിച്ചു. ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തിരിക്കുകയാണ്. എല്‍.ഡി.എഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എ.വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.

സ്വപ്ന സുരേഷ് പ്രതിയായ ഡോളര്‍ കടത്ത് കേസില്‍ ഗുരുതര ആരോപണങ്ങളാണ് കസ്റ്റംസ് കോടതിയില്‍ ആരോപിച്ചിരിക്കുന്നത്. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജയിലില്‍ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയില്‍ വകുപ്പും കസ്റ്റംസ് തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോള്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം അവശേഷിക്കെയാണ് കസ്റ്റംസിന്റെ ഭാഗത്തു നിന്നുള്ള നിര്‍ണായക നീക്കം വന്നിരിക്കുന്നത്. മുഖ്യമന്ത്രി, സ്പീക്കര്‍, മൂന്ന് മന്ത്രിമാര്‍ എന്നിവര്‍ക്ക് ഡോളര്‍ കടത്തു കേസില്‍ പങ്കുണ്ടെന്നും സ്വപ്്‌നാ സുരേഷിന്റെ രഹസ്യമൊഴി ഇക്കാര്യം വ്യക്തമാക്കുന്നുവെന്നുമാണ് കസ്റ്റംസ് ഹൈക്കോടിയെ അരിയിച്ചിരിക്കുന്നത്. ഉന്നതര്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സ്വപ്്‌നക്ക് ജയിലില്‍ ഭീഷണി ഉണ്ടെന്നും കസ്റ്റംസ് പറയുന്നു. രാഷ്ട്രീയമായി ഇതിന് മുന്‍പുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നത്.