Saturday, May 18, 2024
keralaNews

പത്തനംതിട്ടയിലെ ആശുപത്രി ലിഫ്റ്റില്‍ രോഗി കുടുങ്ങി കിടന്നത് അരമണിക്കൂര്‍

പത്തനംതിട്ട: ആശുപത്രിയിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങി. സവിതാ കണ്ണാശുപത്രിയിലായിരുന്നു സംഭവം. ഡോക്ടറെ കണ്ട് ആശുപത്രിയിലെ ജീവനക്കാരിയ്ക്കൊപ്പം ലിഫ്റ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു സംഭവം.ചിറ്റാര്‍ സ്വദേശി മറിയാമ്മയാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഡോക്ടറെ കണ്ടശേഷം മൂന്നാം നിലയില്‍ നിന്നായിരുന്നു മറിയാമ്മ ലിഫ്റ്റില്‍ കയറിയത്. രണ്ടാമത്തെ നിലയില്‍ എത്തി ലിഫ്റ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടെ സാങ്കേതിക തകരാര്‍ മൂലം ലിഫ്റ്റ് താഴേയ്ക്ക് പോകുകയായിരുന്നു. മറിയാമ്മയുടെ കാലിന് നടക്കുന്നതിന് ചെറിയ ബുദ്ധിമുട്ടുണ്ട്. കാലിന് ബുദ്ധിമുട്ടുളളതിനാല്‍ പതുക്കെയാണ് ലിഫ്റ്റില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചത്. ഒരു കാല്‍ പുറത്തെടുത്ത് വച്ചപ്പോഴേക്കുമായിരുന്നു ലിഫ്റ്റ് താഴേക്ക് നീങ്ങിയത്. ഇതോടെ മറിയാമ്മ കുടുങ്ങുകയായിരുന്നു. സംഭവം കണ്ട ഓട്ടോ ഡ്രൈവര്‍ ഉടനെ മറിയാമ്മയെ കയ്യില്‍ താങ്ങി നിര്‍ത്തി.ഒരു കാല്‍ ലിഫ്റ്റിന് പുറത്തായതോടെ ഇവര്‍ തലകീഴായിട്ടാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. അരമണിക്കൂറോളമാണ് മറിയാമ്മ ലിഫ്റ്റില്‍ കുടുങ്ങിയത്. വിവരം അറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തിയാണ് അതി സാഹസികമായി ഇവരെ പുറത്തെടുത്തത്. മറിയാമ്മയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.