Saturday, May 4, 2024
keralaNews

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സഹകരണ രജിസ്ട്രാര്‍ക്കും റബ്‌കോ എംഡിക്കും ഇഡി നോട്ടീസ്

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളുന്നു. സഹകരണ രജിസ്ട്രാര്‍ക്കും റബ്‌കോ എംഡിക്കും ഇഡി നോട്ടീസ് നല്‍കി. ഐഎഎസ് ഉദ്യോഗസ്ഥനായ ടിവി സുഭാഷാണ് സഹകരണ രജിസ്ട്രാര്‍. പിവി ഹരിദാസനാണ് റബ്‌കോ എംഡി. നാളെയാണ് ഇരുവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് റബ്‌കോയില്‍ പണം നിക്ഷേപിച്ചിരുന്നു. പ്രതിസന്ധി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഈ നിക്ഷേപം തിരികെ വാങ്ങാനുള്ള ആലോചനകള്‍ നടന്നിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ബാങ്കില്‍ തട്ടിപ്പ് ആരോപണം ഉയര്‍ന്നതിന് പിന്നാലെ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും അന്വേഷണവും നടന്നിരുന്നു. ഇന്ന് കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളായ അരവിന്ദാക്ഷനെയും ജില്‍സിനെയും വീണ്ടും ഇഡി കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് റിമാന്റില്‍ വിട്ടത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡിയും ആറ് ശബ്ദരേഖ കേള്‍പ്പിച്ച് 13 ശബ്ദരേഖ കേള്‍പ്പിച്ചതായി ഇഡി രേഖകളില്‍ ഒപ്പിടുവിച്ചെന്ന് അരവിന്ദാക്ഷനും കോടതിയില്‍ പറഞ്ഞു. കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 12 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് അരവിന്ദാക്ഷനും ജില്‍സും കോടതിയില്‍ വ്യക്തമാക്കി. 13 ശബ്ദരേഖകള്‍ കേള്‍പ്പിച്ചുവെന്ന് എഴുതി ഒപ്പിടുവിച്ചുവെന്നും 6 ശബ്ദരേഖകള്‍ മാത്രമാണ് കേള്‍പ്പിച്ചതെന്നും അരവിന്ദാക്ഷന്‍ കുറ്റപ്പെടുത്തി. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ നടത്തിയ ഫോണ്‍ സംഭാഷങ്ങളിലെ ശബ്ദം അരവിന്ദാക്ഷന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചതായും എന്നാല്‍ ഒന്നും ഓര്‍മ്മയില്ലെന്ന് അരവിന്ദാക്ഷന്‍ മറുപടി നല്‍കുന്നതായും ഇഡി അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു.