Monday, April 29, 2024
keralaNews

കട്ടപ്പനയില്‍ കുര്‍ബാനയ്ക്കിടെ 17 കാരിക്ക് ഹൃദയാഘാതം

ഇടുക്കി കട്ടപ്പനയില്‍ ഹൃദയാഘാതമുണ്ടായ 17കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര ചികിത്സയ്ക്കായി കട്ടപ്പനയില്‍ നിന്ന് കൊച്ചിയിലേക്ക് പെണ്‍കുട്ടിയെ എത്തിച്ചു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്കാണ് എത്തിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്റെ ഫെയ്‌സ്ബുക്കിലെ അഭ്യര്‍ത്ഥന കണ്ട നിരവധി പേരാണ് ആംബുലന്‍സിന് വഴിയൊരുക്കാന്‍ സന്നദ്ധസേനയായി കൈകോര്‍ത്ത് ഗതാഗതം നിയന്ത്രിച്ചത്. ഇവര്‍ ആംബുലന്‍സിന് പോകാന്‍ വഴിയൊരുക്കി. മന്ത്രി റോഷി അഗസ്റ്റിനും ആംബുലന്‍സിനെ അനുഗമിച്ചു. കട്ടപ്പന മുതല്‍ കൊച്ചി ഇടപ്പള്ളി വരെ ട്രാഫിക് മുന്നറിയിപ്പുമായി പൊലീസും ദൗത്യത്തിന്റെ ഭാഗമായി.

ഇന്ന് രാവിലെ കട്ടപ്പന പള്ളിയില്‍ കുര്‍ബാനയ്ക്കിടെയാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. പിന്നീട് സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ ചികിത്സ നടത്തി. പിന്നീടാണ് ആന്‍ മരിയയുമായി ആംബുലന്‍സ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. കട്ടപ്പനയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ കാഞ്ഞാറില്‍ വെച്ച് ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു. എന്നാല്‍ പിന്നീട് വഴികളിലൊന്നും കുഴപ്പമുണ്ടായില്ല. ഓട്ടോറിക്ഷാ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും നാട്ടുകാരും അടക്കം റോഡിലിറങ്ങി ആംബുലന്‍സിന് വഴിയൊരുക്കി. ആംബുലന്‍സ് കട്ടപ്പനയില്‍ നിന്ന് കൊച്ചിയിലേക്കുള്ള 133 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചത് 2 മണിക്കൂര്‍ 39 മിനിറ്റിലാണ്. സാധാരണഗതിയില്‍ 3 മണിക്കൂര്‍ 56 മിനിറ്റ് എടുക്കുന്ന ദൂരമാണിത്. വഴിയിലുടനീളം പൊലീസ് സൗകര്യം ഒരുക്കിയതിനാല്‍ ഗതാഗത കുരുക്കില്ലാതെ യാത്ര സാധ്യമായിരുന്നു.