Tuesday, May 7, 2024
indiakeralaNewsworld

യുഎസില്‍ വെടിവയ്പ്പ്; കോഴഞ്ചേരി സ്വദേശി കൊല്ലപ്പെട്ടു

മെസ്‌കിറ്റ് ഡാലസില്‍ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമയായ മലയാളി മരിച്ചു. ഡാലസ് കൗണ്ടി െമസ്‌കിറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിയിരുന്ന പത്തനംതിട്ട കോഴഞ്ചേരി ചരുവില്‍ സാജന്‍ മാത്യൂസ് (സജി 56) ആണ് കൊല്ലപ്പെട്ടത്. അക്രമിയെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ അമേരിക്കക്കാരനാണ് വെടിയുതിര്‍ത്തത്. ഡാലസ് കൗണ്ടിയില്‍ മെസ്‌കിറ്റ് സിറ്റിയിലാണ് സാജന്റെ സ്ഥാപനം. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഉച്ചയ്ക്ക് ഒരു മണിയോടെ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറില്‍ ഉണ്ടായിരുന്ന സജിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പ്പുണ്ടായ വിവരം അറിഞ്ഞെത്തിയ പൊലീസ് ഉടന് തന്നെ സജിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യൂസ് 2005 ലാണ് കുവൈത്തില്‍ നിന്ന് അമേരിക്കയില്‍ എത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് അംഗമാണ്. ഡാലസില്‍ നഴ്‌സായി പ്രവര്‍ത്തിക്കുന്ന മിനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.മെസ്‌ക്കിറ്റില്‍ മലയാളികള്‍ പാര്‍ട്‌നര്‍മാരായാണ് സാജന്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തി വന്നത്. സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചിലെ യുവജന സഖ്യത്തിലെ സജീവ അംഗമായിരുന്നു. രാത്രി വൈകിട്ടും പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സാജന്റെ മരണം ഡാലസിലെ മലയാളി സമൂഹത്തിലാകെ ഞെട്ടലുണ്ടാക്കി. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനായി നിരവധി മലയാളികളാണ് എത്തിയത്.