Friday, May 3, 2024
keralaLocal NewsNews

കച്ചവടക്കാരന് പരാതിയില്ല പൊലീസുകാരന്‍ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പായി

കോട്ടയം: കച്ചവടക്കാരന് പരാതിയില്ലാത്തതിന് തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു.ഐ പി സി 379 പ്രകാരമുള്ള മോഷണ കേസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് നസീബ് അബ്ദുല്‍ റസാഖിന്റേതാണ് ഉത്തരവ്.                     സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പൊലീസുകാരന്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കഴിഞ്ഞ മാസം മുപ്പതിനാണ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോവുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നിട്ടും ഷിഹാബിനെ അറസ്റ്റ് ചെയ്യാന്‍ കാഞ്ഞിരപ്പളളി പൊലീസിന് കഴിഞ്ഞില്ല. പൊലീസുകാരനായ ഷിഹാബിന് പൊലീസിന്റെ അന്വേഷണ വഴികളെ കുറിച്ച് നല്ല ധാരണയുണ്ട്. ഇത് തന്നെയാണ് ഷിഹാബിലേക്ക് എത്താന്‍ കാഞ്ഞിരപ്പളളി പൊലീസിന് മുന്നിലെ തടസവും. ഷിഹാബ് തൃശൂരിലും പാലക്കാടും ഉണ്ടെന്ന സൂചനകള്‍ പൊലീസിന് കിട്ടിയിരുന്നു. എന്നാല്‍ മൊബൈല്‍ സ്വിച്ച് ഓഫാക്കിയതോടെ ഷിഹാബ് ഒരു സൂചനയും പൊലീസിന് കിട്ടിയില്ല. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ പ്രതിയാണ് മാമ്പഴം മോഷ്ടിച്ച പൊലീസുകാരനായ ഷിഹാബ്. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഷിഹാബ് മാങ്ങ മോഷണം നടത്തിയത്. ബലാത്സംഗ കേസിലെ ഷിഹാബിന്റെ ജാമ്യം റദ്ദാക്കാനുളള നടപടികളും പൊലീസ് ഇനിയും തുടങ്ങിയിട്ടില്ല. ഇതിനിടെ ഷിഹാബ് വിദേശത്തേക്ക് കടന്നെന്ന അഭ്യൂഹങ്ങളും നാട്ടില്‍ ശക്തമായിട്ടുണ്ട്. പക്ഷേ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.