Thursday, May 9, 2024
indiaNewspolitics

ബംഗാള്‍, അസം ആദ്യഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്നവസാനിക്കും

ബംഗാളിലെയും അസമിലെയും ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടിവേര് ഇളക്കിയ ആദിവാസി മേഖല മറ്റെന്നാള്‍ വിധിയെഴുതും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കത്തിപ്പടര്‍ന്ന പ്രദേശങ്ങളിലാണ് അസമില്‍ വോട്ടെടുപ്പ്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ റിപുണ്‍ ബോറയും അടക്കം പ്രമുഖര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നു.അസമിലെ 47ഉം ബംഗാളിലെ 30ഉം സീറ്റുകളിലാണ് മറ്റെന്നാള്‍ വോട്ടെടുപ്പ്. അസമില്‍ 269ഉം ബംഗാളില്‍ 191 ഉം സ്ഥാനാര്‍ഥികള്‍ ആദ്യഘട്ടത്തില്‍ മല്‍സരരംഗത്തുണ്ട്. ബംഗാളിലെ ആദിവാസി മേഖലകളായ ബങ്കുര, പുരുലിയ, ഝാര്‍ഗ്രാം, പശ്ചിമ മിഡ്‌നാപുര്‍, ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രമായ കിഴക്കന്‍ മിഡ്‌നാപുര്‍ എന്നിവിടങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. നേരത്തെ ഇടതുകോട്ടയായിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മമത ബാനര്‍ജിക്കൊപ്പം നിന്നു. 2016ല്‍ 30ല്‍ 27 ഉം തൃണമൂല്‍ കോണ്‍ഗ്രസ് നേടി. രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ആര്‍എസ്പിയും വിജയിച്ചു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദിവാസി മേഖലയിലെ 6 ല്‍ 5 സീറ്റും ബിജെപി നേടി. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവായ പ്രദേശമാണിത്. 10,288 ബൂത്തുകളിലേയ്ക്കായി 684 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. അപ്പര്‍ അസം, വടക്കന്‍ അസം, നവ്ഗാവ് മേഖലകളാണ് അസമില്‍ ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. ഗോത്രവിഭാഗങ്ങളുടെ ഈ സ്വാധീന മേഖലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കത്തിപ്പടര്‍ന്നിരുന്നു.സിഎഎ നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബിജെപി – എജിപി സഖ്യം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 47 ല്‍ 35 സീറ്റു നേടി. അസം സ്വത്വത്തിനായി നിലകൊള്ളുന്ന എജെപിയും കര്‍ഷക സംഘടനകളുടെ പിന്തുണയുള്ള റായ്‌ജോര്‍ ദളും ബിജെപിക്ക് തലവേദനയാകുന്നു. കോണ്‍ഗ്രസ് എഐയുഡിഎഫിനും ബിപിഎഫിനുമൊപ്പം സഖ്യമായാണ് മല്‍സരിക്കുന്നത്.