Sunday, May 5, 2024
keralaNews

ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി.

ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. റമ്മി ഉള്‍പ്പെടെയുള്ള പണംവച്ചുള്ള കളികളെ കേരള ഗെയിമിങ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ ഇവയ്ക്കു നിയന്ത്രണം വരും. ഓണ്‍ലൈന്‍ റമ്മി നിയന്ത്രിച്ചുകൊണ്ട് വിജ്ഞാപനമിറക്കുമെന്നു സര്‍ക്കാര്‍ രണ്ടാഴ്ചമുന്‍പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി കളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഈ കേസില്‍ റമ്മി പോര്‍ട്ടലുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ കായികസിനിമാ താരങ്ങള്‍ക്ക് കോടതി നോട്ടിസ് അയച്ചിരുന്നു. ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ നിരവധിപേര്‍ക്കു പണം നഷ്ടമായ സാഹചര്യത്തിലാണ് കോടതിയില്‍ ഹര്‍ജി സമര്‍പിച്ചത്.

ചില സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്കു നിയന്ത്രണമുണ്ട്. നിയമത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നാല്‍, കേരളത്തില്‍നിന്നുള്ളവര്‍ ഗെയിമിങ് ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ കമ്പനികള്‍ക്ക് അനുമതി നിഷേധിക്കേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, ഗെയിമിങ് കമ്പനികളുടെ സെര്‍വര്‍ ഇന്ത്യയിലല്ലാത്തതിനാല്‍ നിയമനടപടികള്‍ക്കു പരിമിതിയുണ്ടെന്നു സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.നേരത്തെ തന്നെ ഇത്തരം ഗെയിമിങ് ആപ്പുകള്‍ ഉണ്ടെങ്കിലും കോവിഡ് കാലത്താണ് ഉപയോഗം കൂടിയത്. സമൂഹ മാധ്യമങ്ങളില്‍ ആകര്‍ഷകരമായ പരസ്യങ്ങളാണ് റമ്മി ഗെയിം കമ്പനികള്‍ നല്‍കുന്നത്. റിവ്യൂ എഴുതുന്നവര്‍ ലക്ഷക്കണക്കിനു രൂപ കിട്ടിയതായി അവകാശപ്പെടും. കളി തുടങ്ങുമ്പോള്‍ ചെറിയ തുകകള്‍ ലഭിക്കും. വലിയ തുകകള്‍ക്കു കളിക്കുമ്പോള്‍ പണം നഷ്ടമായി തുടങ്ങും. ഇതിനോടകം ഗെയിമില്‍ ആകൃഷ്ടരായവരോട് മണി ലെന്‍ഡിങ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കാന്‍ പറയും. പലിശ 30 ശതമാനത്തിനു മുകളിലാണ്.ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യുന്നതോടെ ഫോണിലുള്ള മുഴുവന്‍ സ്വകാര്യ വിവരങ്ങളും കമ്പനികളുടെ സെര്‍വറിലേക്കു പോകും. പേര്, ആധാര്‍ കാര്‍ഡ്പാന്‍കാര്‍ഡ് വിവരങ്ങള്‍, ക്യാമറ ആക്‌സസ് ചെയ്യാനുള്ള അനുമതി തുടങ്ങിയവയെല്ലാം നല്‍കിയാലേ ഗെയിമിങ് ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ. ആളുകളുമായല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയോടാണ് കളിക്കുന്നതെന്ന് മിക്കവരും തിരിച്ചറിയാറില്ല.