Tuesday, May 21, 2024
keralaNewsUncategorized

അരിക്കൊമ്പന്‍ : കുമളി പഞ്ചായത്തില്‍ 144 പ്രഖ്യാപിച്ചു

ചിന്നക്കനാല്‍:  അരിക്കൊമ്പനെ കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റും. കുമളി പഞ്ചായത്തില്‍ 144 പ്രഖ്യാപിച്ചു. ഇടുക്കി സബ് കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇടുക്കി ചിന്നക്കനാല്‍ പ്രദേശത്തെ വിറപ്പിച്ച അരിക്കൊമ്പനെ ശ്രമകരമായ ദൌത്യത്തിനൊടുവിലാണ് ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവെച്ചത്. മയക്കത്തിലായ ആനയെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കെ് മാറ്റാനാണ് നീക്കമെന്നാണ് സൂചന. പെരിയാര്‍ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയര്‍ഓട എന്ന ഭാഗത്തേക്കാണ് മാറ്റുക. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കും ഇടുക്കിയിലേക്കും മാറ്റില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.                                                                 

 

 

 

 

 

 

ആനയെ മംഗളാദേവി മേഖലയിലേക്ക് മാറ്റുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കനത്ത മഴയും കാറ്റും കോടമഞ്ഞും അതിജീവിച്ചാണ് ദൗത്യസംഘം ആനയെ ലോറിയിലേക്ക് കയറ്റിയത്. കുംകിയാനകളെ അരിക്കൊമ്പന്‍ അതിശക്തമായി പ്രതിരോധിച്ചുവെങ്കിലും വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കിയാണ് ആനയെ ലോറിയില്‍ കയറ്റിയത്.പലതവവണ കുതറിമാറാന്‍ ശ്രമിച്ചിട്ടും കാറ്റും മഴയും കോട മഞ്ഞും വെല്ലുവിളിയായിട്ടും അരിക്കൊമ്പനെ ഒടുവില്‍ ആനിമല്‍ ആംബുലന്‍സില്‍ കയറ്റുകയായിരുന്നു.                                                                                                     

 

 

 

 

 

 

ദിവസങ്ങളായി തുടരുന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് അരിക്കൊമ്പന്‍ ദൗത്യം വിജയത്തിലേക്ക് കടന്നത്. നാല് കുംങ്കിയാനകള്‍ നിരന്നുനിന്നാണ് അവസാനം വരെ പൊരുതിയ അരിക്കൊമ്പനെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റിയത്. മൂന്ന് തവണ അരിക്കൊമ്പന്‍ കുതറിമാറി. ഇതിനിടെ കുംങ്കി ആനകള്‍ അരിക്കൊമ്പനെ ചാര്‍ജ് ചെയ്ത് ആനിമല്‍ ആംബുലന്‍സില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വെല്ലുവിളിയായി കാറ്റും മഴയും കാഴ്ചയെ മറച്ച് കോട മഞ്ഞുമെത്തിയത്.