Sunday, May 19, 2024
keralaNews

പ്രതിഷേധ പൊങ്കാലയുമായി കെ എസ് ആര്‍ ടി സി ജീവനക്കാര്‍.

ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ പ്രതിഷേധ പൊങ്കാലയുമായി കെ എസ് ആര്‍ ടി സി ജീവനക്കാര്‍. ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലാണ് ജീവനക്കാര്‍ പ്രതിഷേധ പൊങ്കാലയിട്ടത്. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് ജീവനക്കാര്‍ പൊങ്കാല ഇട്ടത്. 51 കലങ്ങളിലാണ് ജീവനക്കാര്‍ പ്രതിഷേധ പൊങ്കാല ഇട്ടത്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക ഉള്‍പ്പടെയുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ നടന്നു വരുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് പ്രതിഷേധ പൊങ്കാല സംഘടിപ്പിച്ചത്.
തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ശമ്പള പരിഷ്‌കരണം, ആനുകൂല്യങ്ങള്‍ എന്നിവ നിഷേധിച്ച മാനേജ്‌മെന്റിന്റെയും സര്‍ക്കാരിന്റെയും അവഗണനക്കെതിരെയാണ് ജീവനക്കാര്‍ പൊങ്കാല ഇട്ട് പ്രതിഷേധിച്ചത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ജേര്‍വനക്കാര്‍ക്കും പൊതുമേഖലാ ജീവനക്കാര്‍ക്കും ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയെങ്കിലും തങ്ങളെ അവഗണിക്കുകയായിരുന്നു എന്ന് ജീവനക്കാര്‍ പറയുന്നു.പിന്‍വാതില്‍ നിയമനത്തിലൂടെയല്ല തങ്ങള്‍ ജോലിയില്‍ പ്രവേശിച്ചത്. മറ്റു സര്‍ക്കാര്‍ ജീവനക്കാരെ പോലെ തന്നെ പി.എസ്.സി പരീക്ഷ എഴുതി വിജയിച്ചാണ് തങ്ങളും ജോലിയില്‍ പ്രവേശിച്ചത്. എന്നിട്ടും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ എന്തിനാണ് ഒഴിവാക്കിയത് എന്ന് അധികൃതര്‍ മറുപടി പറയണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.  ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ളവ നേടിയെടുക്കുന്നതില്‍ തൊഴിലാളി യൂണിയനുകള്‍ പരാജയം കണ്ടതോടെയാണ് യൂണിയന്‍ വ്യത്യാസമില്ലാതെ ജീവനക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംയുക്ത സമര സമിതി എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചത്.