Monday, May 6, 2024
keralaNews

ഓണക്കിറ്റില്‍ പഞ്ചസാരയും ഉപ്പും മുതല്‍ വെളിച്ചെണ്ണയും നെയ്യും വരെ

തിരുവനന്തപുരം: ഓണത്തിന് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഇനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു. 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഇത്തവണ നല്‍കുന്നത്. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മില്‍മ നെയ് 50 മി.ലി, ശബരി മുളക്‌പൊടി 100 ഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശര്‍ക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം, തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്.

ഈ വര്‍ഷവും ഓണത്തിന് ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കൊടിയുടെ ചെലവ് ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്.
ഈ പദ്ധതി ജനത്തിന് നല്ല തോതില്‍ പ്രയോജനം ചെയ്തു. കൊവിഡ് കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നല്‍കിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിന് ഈ വര്‍ഷവും ഓണക്കിറ്റ് നല്‍കും. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ സംസ്ഥാനത്ത് 13 തവണ കിറ്റ് നല്‍കിയിരുന്നു.