Monday, May 6, 2024
indiaNewsSports

ഒളിമ്പിക്‌സില്‍ ഇനി ക്രിക്കറ്റും

മുംബൈ: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ 2028-ല്‍ നടക്കാന്‍ പോവുന്ന ഒളിമ്പിക്സില്‍ ട്വന്റി-20 ക്രിക്കറ്റിനെയും ഉള്‍പ്പെടുത്തി. മുംബൈയില്‍ നടന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിന് ശേഷമാണ് ഒളിമ്പിക്സില്‍ ഇനി ക്രിക്കറ്റും ഉള്‍പ്പെടുത്തുമെന്ന ചരിത്രപരമായ തീരുമാനമുണ്ടായത്. ഐഒസി പ്രസിഡന്റ് തോമസ് ബാച്ചാണ് യോഗത്തിന് ശേഷം വിവരം അറിയിച്ചത്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനത്തിനായി രാജ്യത്തെ ക്രിക്കറ്റ് പ്രേമികളും കായിക താരങ്ങളും കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രഖ്യാപനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) നേതൃത്വത്തിലായിരുന്നു ക്രിക്കറ്റിനെ ഒളിമ്പിക്സിലെ ഇവന്റായി ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നത്. തീരുമാനം ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പ്രധാന നാഴികക്കല്ലാണെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍കെ പറഞ്ഞു. ടി-20 ക്രിക്കറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി തങ്ങള്‍ മനസിലാക്കുന്നുവെന്നും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ 2028-ല്‍ യുഎസിലേക്ക് സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നതായും ബാര്‍കെ വ്യക്തമാക്കി. അഞ്ച് പുതിയ കായിക ഇനങ്ങളാണ് 2028-ലെ ഒളിമ്പിക്‌സില്‍ അവതരിപ്പിക്കുന്നത്. ഇക്കൂട്ടത്തിലാണ് ക്രിക്കറ്റിനും അനുമതി ലഭിച്ചിരിക്കുന്നത്. ക്രിക്കറ്റിന് പുറമേ ബേസ്ബോള്‍, ഫ്ളാഗ് ഫുട്ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നിവയാണ് ഒളിമ്പികസിലെ മറ്റ് പുതിയ കായിക ഇനങ്ങള്‍.
സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യമാദ്ധ്യമത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.