Saturday, May 4, 2024
keralaNews

അഴകിന്റെ തമ്പുരാന്‍ ഷണ്മുഖപ്രിയ ഗജസാമ്രാട്ട് ചുള്ളി പറമ്പില്‍ വിഷ്ണു ശങ്കര്‍ ചരിഞ്ഞു

തൃശൂര്‍: ആനക്കേരളത്തിന്റെ തറവാട്ടില്‍ നിന്നും അഴകിന്റെ തമ്പുരാന്‍ ഷണ്മുഖപ്രിയ ഗജസാമ്രാട്ട് ചുള്ളി പറമ്പില്‍ വിഷ്ണു ശങ്കര്‍ ചരിഞ്ഞു. 36 വയസ്സായിരുന്ന ആനയുടെ കാലില്‍ പിടിപെട്ട പാദ രോഗത്തെ തുടര്‍ന്ന് നീണ്ട നാള്‍ ചികിത്സയിലായിരുന്നു. അഴകിന്റെ തമ്പുരാന്‍ വിടവാങ്ങിയതിന്റെ തീരാ വേദനയിലാണ് ആരാധകര്‍. പൂരപ്പറമ്പുകളെ പ്രകമ്പനം കൊള്ളിച്ച വിഷ്ണു ശങ്കറിന് ലഭിച്ച മറ്റൊരു പേരാണ് വില്ലന്‍.              ഷണ്മുഖപ്രിയ ഗജസാമ്രാട്ട്, ഗജരാജക്ഷത്രിയന്‍, വീരസേനാപതി എന്നി ഗജരാജ പട്ടങ്ങള്‍ സ്വന്തമാക്കിയ വിഷ്ണുശങ്കര്‍ കേരളത്തിലെ ലക്ഷണമൊത്ത ചുരുക്കം ചില ആനകളില്‍ ഒരാളായിരുന്നു. ആനയ്ക്ക് പാദ രോഗമുള്ളത് കൊണ്ട് ഉത്സവ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് വനം വകുപ്പ് വിലക്കിയിരുന്നു. ഉത്സവ ആഘോഷങ്ങള്‍ക്ക് പങ്കെടുപ്പിക്കാതെ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മംഗലാംകുന്ന് കര്‍ണ്ണനെ പോലെ ആനക്കേരളത്തില്‍ നിരവധി ആരാധകരുള്ള ആനയായിരുന്നു ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍. കേരളത്തില്‍ ആന കമ്പക്കാര്‍ക്ക് ആവേശം പകരുന്ന ഇത്തിത്താനം, ചെറായി, ചക്കുമരശേരി തുടങ്ങിയ ക്ഷേത്രങ്ങളിലെ താലപ്പൊക്ക മത്സരങ്ങളില്‍ നിലവ് നിന്ന് പ്രൗഢി തെളിയിച്ച ആനയായിരുന്നു വിഷ്ണു ശങ്കര്‍. തൃശൂര്‍ പൂരവും, നെന്മാറ വേലയും, മണപ്പുള്ളിക്കാവ് വേലയും തുടങ്ങി കേരളത്തിലെ എണ്ണം പറഞ്ഞ ഉത്സവ പറമ്പുകളില്‍ വിഷ്ണു ശങ്കറും, തെച്ചിക്കോട്ട് കാവ് രാമചന്ദ്രനും , മംഗലാംകുന്ന് കര്‍ണ്ണനും, തിരുവമ്പാടി ശിവസുന്ദറും, ചിറയ്ക്കല്‍ കാളിദാസനും, ഈരാറ്റുപേട്ട അയ്യപ്പനും, പാമ്പാടി രാജനും തുടങ്ങി ആനക്കേരളത്തിലെ പകരം വെയ്ക്കാനാവാത്ത തമ്പുരാക്കന്മാര്‍ അണിനിരന്ന് നില്‍ക്കുന്ന കാഴ്ച ആരെയും പുളകം കൊള്ളിക്കുന്നതായിരുന്നു. വിഷ്ണു ശങ്കറിന്റെ വിയോഗം പൂരപ്പറമ്പുകള്‍ക്ക് തീരാ നഷ്ടമാണ്.