Tuesday, April 30, 2024
educationindiaNews

ബഹിരാകാശ മുന്നേറ്റം യുവജനങ്ങള്‍ക്കിടയില്‍ ശാസ്ത്ര മനോഭാവത്തിന്റെ വിത്തുകള്‍ പാകുന്നു; പ്രധാനമന്ത്രി

തിരുവനന്തപുരം: ബഹിരാകാശ മേഖലയില്‍ ഭാരതത്തിന്റെ മുന്നേറ്റം രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ ശാസ്ത്ര മനോഭാവത്തിന്റെ വിത്തുകള്‍ പാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റ് 23-ലെ ചന്ദ്രയാന്റെ വിജയം യുവാക്കളില്‍ പ്രത്യാശ ജനിപ്പിച്ചു. വീണ്ടും ചന്ദ്രനിലേക്ക് ഭാരതം പോകുമെന്നും ഭാരതത്തിന്റെ റോക്കറ്റില്‍ യാത്രികര്‍ ഇനിയും ചന്ദ്രനിലിറങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ കുതിക്കാനൊരുങ്ങുന്ന വേളയില്‍ തന്നെയാണ് ഗഗന്‍യാനും കുതിക്കുന്നത്. ബഹിരാകാശ രംഗത്തെ പുത്തന്‍ തലത്തിലേക്ക് എത്തിക്കാന്‍ ഈ സുപ്രധാന ദൗത്യത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ രംഗത്ത് ഇന്ത്യ ഒന്നാമതെത്തും. ഇസ്രോയിലെ സ്ത്രീ ശക്തിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 5000-ത്തിലധികം സ്ത്രീകളാണ് ഇസ്രോയുടെ നേതൃനിരയിലുള്ളത്. ബഹിരാകാശ രംഗത്ത് സ്ത്രീശക്തിക്ക് വലിയ പ്രാധാന്യമാണുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 2025 അവസാനത്തോടെയാകും ഗഗന്‍യാന്‍ ദൗത്യം വിക്ഷേപിക്കുക.

ദൗത്യത്തിന് മുന്നോടിയായി ഇസ്രോ 20-ഓളം വെല്ലുവിളി നിറഞ്ഞ പരീക്ഷണ ദൗത്യങ്ങള്‍ നടത്തും. ഈ വര്‍ഷം അവസാനത്തോടെ വ്യോമ മിത്രക റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കും. ഇതിന് ശേഷം രണ്ട് തവണ കൂടി ആളില്ലാ വിക്ഷേപണം നടത്തിയതിന് ശേഷമാകും നാലംഗ സംഘം യാത്ര പുറപ്പെടുക. ഠഢഉ1, ഉ2, ഉ3, ഉ4 എന്നിങ്ങനെ നാല് ടെസ്റ്റ്-അബോര്‍ട്ട് മിഷനുകള്‍ ഉണ്ടാകും. LVM3-G1, G2 . എന്നിങ്ങനെ രണ്ട് അണ്‍-ക്രൂഡ് മിഷനുകളും ദൗത്യത്തിന്റെ ഭാഗമായി നടത്തും. മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഗഗന്‍യാന്‍.

ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ നാല് ദിവസങ്ങളോളം തങ്ങി പഠനങ്ങള്‍ നടത്തുകയാണ് നാലംഗ സംഘത്തിന്റെ ലക്ഷ്യം.40 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പൗരന്‍ നടത്തുന്ന ബഹിരാകാശ യാത്രയാണിതെന്ന് പ്രധാനമന്ത്രി നാലംഗ സംഘത്തെ പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കേവലം നാല് വ്യക്തികളല്ല അവരെന്നും 140 കോടി ഭാരതീയരുടെ പ്രതീക്ഷകളെ ബഹിരാകാശത്തേക്ക് എത്തിക്കുന്നവരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. റേക്കറ്റുകളുടെ ജന്മസ്ഥലവും ബഹിരാകാശ വിക്ഷേപണങ്ങളുടെ കേന്ദ്രവുമാണ് തുമ്പ. ഇസ്രോയുടെ ചരിത്രത്തിലെ മറ്റൊരു സുവര്‍ണ ദിനമാണ് ഇന്ന്.

40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി തുമ്പയിലെ വി.എസ്.എസ്.സി സന്ദര്‍ശിക്കുന്നതെന്ന് ഇസ്രോ മേധാവി പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി ദൗത്യസംഘത്തെ പ്രഖ്യാപിച്ചത്.