Thursday, May 2, 2024
AgriculturekeralaNews

ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റബര്‍ വില ഏറ്റവും ഉയര്‍ന്ന നിലയില്‍

ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റബര്‍ വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ കര്‍ഷകരില്‍ പ്രതീക്ഷ തളിരിട്ടു. ആര്‍എസ്എസ്, 4 ഗ്രേഡ് വില കിലോയ്ക്ക് 178.50 രൂപ വരെയെത്തി. 2012- 13 കാലയളവിലാണ് ഇതിന് മുമ്പ് ഇത്രയും വില ഉയര്‍ന്നത്. നിലവിലെ സാഹചര്യത്തില്‍ വില കിലോയ്ക്ക് 200 മുകളില്‍ എത്തുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഇപ്പോഴത്തെ വിലയില്‍ കൂടിയാല്‍ റബര്‍ വാങ്ങാന്‍ താത്പ്പര്യമില്ലെന്ന് വന്‍കിട കമ്പനികള്‍ നിലപാട് എടുത്തതായും സൂചനയുണ്ട്.തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് ഉത്പ്പാദനം സ്തംഭിച്ചതാണ് ഇപ്പോള്‍ വില ഉയരാന്‍ കാരണമായതെന്ന് പറയുന്നു. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിദേശ റബറിന്റെ വരവ് കുറഞ്ഞതും വില കൂടാന്‍ കാരണമായി. ബാങ്കോക്കില്‍ ആര്‍എസ്എസ് നാല് ഗ്രേഡിന് 138.36 രൂപ മാത്രമേയുള്ളൂ. റബര്‍ ഇറക്കുമതിക്ക് വ്യാപാരികള്‍ക്ക് താത്പര്യമുണ്ടെങ്കിലും കൊവിഡ് നിയന്ത്രണങ്ങളും കണ്ടെയ്‌നര്‍ ക്ഷാമവും മൂലം വ്യവസായികള്‍ക്ക് ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ല. ഇത് ഇവിടെ റബര്‍വില ഉയരാന്‍ ഒരു കാരണമായി.

കര്‍ഷകര്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടായതിന് പിന്നാലെയാണ് ടയര്‍ വ്യവസായികള്‍ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന സൂചന നല്‍കുന്നത്. ഓണത്തിന് മുന്നോടിയായി കര്‍ഷകര്‍ സ്റ്റോക്ക് വിറ്റിരുന്നു. ഈ അവസരം മുതലാക്കി പരമാവധി റബര്‍ വ്യവസായികള്‍ സംഭരിച്ചിട്ടുണ്ട്.

ലാറ്റക്‌സും ഉയരത്തില്‍

ഗ്ലൗസ് ഉള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങള്‍ക്ക് രാജ്യാന്തര തലത്തില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ ലാറ്റക്‌സ് വിലയും സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 185 രൂപവരെ എത്തി. എന്നാല്‍ ഇടയ്ക്ക് വില താഴുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. സംസ്ഥാനത്ത് ലാറ്റക്‌സ് കൂടുതലായി ഉപയോഗിക്കുന്ന ഒരു കമ്പനി അറ്റകുറ്റപ്പണികള്‍ക്കായി ഇടയ്ക്ക് അടച്ചിട്ടതും വില ഇടിയുന്നതിന് കാരണമായിട്ടുണ്ട്.

ഒട്ടുപാല്‍ വിലയിലും വര്‍ദ്ധനയുണ്ട്. കിലോക്ക് 115 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം കച്ചവടം നടന്നത്. ചെറുകിട കര്‍ഷകരില്‍ ഭൂരിഭാഗവും ഒട്ടുപാല്‍ ഉത്പാദനത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്