Wednesday, May 1, 2024
HealthindiaNews

ഒമിക്രോണിനെതിരെ കോവിഷീല്‍ഡ് വാക്‌സീന്റെ പ്രതിരോധം ദുര്‍ബലം.

പുണെ :ഒമിക്രോണിന്റെ പുതിയ വകഭേദത്തിനെതിരെ കോവിഷീല്‍ഡ് വാക്‌സീന്റെ പ്രതിരോധം ദുര്‍ബലമാണെന്ന് വെളിപ്പെടുത്തുന്ന പഠനം പുറത്ത്. ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ലാത്തവര്‍ക്ക് ഒമിക്രോണിന്റെ ബിഎ 1 വകഭേദത്തിനെതിരെ കോവിഷീല്‍ഡ് കാര്യമായ പ്രതിരോധം നല്‍കുന്നില്ലെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ബൂസ്റ്റര്‍ ഡോസുകളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതാണ് ഐസിഎംആറും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നു നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെന്നും ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒമിക്രോണിനെതിരെ കോവാക്‌സിനും താരതമ്യേന നേരിയ പ്രതിരോധമാണ് നല്‍കുന്നതെന്ന് ഇതേ പഠനത്തില്‍ മുന്‍പ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോവിഷീല്‍ഡും ഒമിക്രോണിന്റെ പുതിയ വകഭേദത്തെ നേരിടുന്നതില്‍ അത്ര പോരെന്ന കണ്ടെത്തല്‍. കോവാക്‌സിനും കോവിഷീല്‍ഡും സ്വീകരിച്ചവര്‍ക്ക് കഴിയുന്നത്ര നേരത്തേ ബൂസ്റ്റര്‍ ഡോസുകള്‍ കൂടി ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പഠന റിപ്പോര്‍ട്ട്.രാജ്യത്ത് കോവിഡ് നാലാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ബൂസ്റ്റര്‍ ഡോസുകളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന പഠനഫലങ്ങള്‍ പുറത്തുവരുന്നതെന്നതും ശ്രദ്ധേയം. ഒമിക്രോണിന്റെ 2 ഉപവകഭേദങ്ങള്‍ കൂടി ബെംഗളൂരുവില്‍ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒമിക്രോണ്‍ ബിഎ.2.10, ബിഎ.2.12 എന്നിവയാണിത്.

ഇതിനിടെ, സര്‍ക്കാര്‍ ഏറ്റെടുക്കാതെ വാക്‌സീന്‍ കെട്ടിക്കിടക്കുന്നതു മൂലം ഉല്‍പാദനം നിര്‍ത്തിവച്ചെന്ന് കോവിഷീല്‍ഡ് ഉല്‍പാദകരായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. 20 കോടി ഡോസ് വാക്‌സീനാണ് ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത്. ഈ വര്‍ഷം പുതിയ ബാച്ച് വാക്‌സീന്‍ ഉല്‍പാദിപ്പിച്ചില്ല. ഒരു ഘട്ടത്തില്‍ വാക്‌സീന്‍ സൗജന്യമായി നല്‍കാമെന്നു വരെ പറഞ്ഞു. എന്നാല്‍, അധികൃതര്‍ തീരുമാനമെടുക്കുന്നില്ല സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല പറഞ്ഞു.