Monday, April 29, 2024
indiakeralaNews

ഐഎന്‍എസ് വിക്രാന്തിന്റെ ആദ്യഘട്ട പരീക്ഷണയാത്ര വിജയം കൊച്ചിയില്‍ തിരിച്ചെത്തി

അറബിക്കടലില്‍ അഞ്ച് ദിവസത്തെ ആദ്യഘട്ട പരീക്ഷണയാത്ര പൂര്‍ത്തിയാക്കി ഐഎന്‍എസ് വിക്രാന്ത് കൊച്ചിയില്‍ തിരിച്ചെത്തി. പരീക്ഷണഘട്ടം പൂര്‍ത്തിയാക്കി അടുത്തവര്‍ഷത്തോടെ ഐ.എന്‍.എസ്. വിക്രാന്ത് കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കപ്പലിന്റെ കാര്യശേഷിയാണ് ഈ അഞ്ച് ദിവസം വിലയിരുത്തിയത്. 262 മീറ്റര്‍ ഉയരവും 62 മീറ്റര്‍ വീതിയും സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്റര്‍ ഉയരവുമുള്ള കപ്പല്‍ ഓഗസ്ത് നാലിനാണ് പരീക്ഷണയാത്ര ആരംഭിച്ചത്. ഇന്ത്യ തദ്ദേശീയമായി രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ച കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് വിക്രാന്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. കൊച്ചിന്‍ ഷിപ്പ്യാഡ് ലിമിറ്റഡിലാണ് 76 ശതമാനത്തിലധികം നിര്‍മ്മാണം നടന്നത്.

സൂപ്പര്‍ സ്ട്രക്ചറില്‍ അഞ്ചെണ്ണം ഉള്‍പ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാര്‍ട്ട്‌ മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകല്‍പ്പന ചെയ്ത കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഇരുപത് ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെ മുപ്പത് എയര്‍ക്രാഫ്റ്റുകളെ വഹിക്കാന്‍ ഐ.എന്‍.എസ്. വിക്രാന്തിന് സാധിക്കും.