Friday, May 10, 2024
GulfNewsSports

ഏഷ്യ കപ്പ്: ഇന്ത്യ – പാകിസ്താനെതിരെ കണക്ക് തീര്‍ത്തു

ദുബായ്: ഏഷ്യ കപ്പ് മത്സരത്തില്‍ ഇന്ത്യക്ക് പാകിസ്താനെതിരെ തകര്‍പ്പന്‍ ജയം. 5 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാകിസ്താന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.                                                           ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള ക്യാപ്ടന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനം നിര്‍ണ്ണായകമായി. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരേ പോലെ മികവ് പുലര്‍ത്തിയാണ് ട്വന്റി 20 ലോകകപ്പിലെ തോല്‍വിക്ക് ഇന്ത്യ പ്രതിക്രിയ ചെയ്തത്.ആദ്യ ഓവറില്‍ രാഹുല്‍ പൂജ്യത്തിന് പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചിരുന്നു.                                                            ഫോമിലേക്ക് തിരിച്ചു വന്ന വിരാട് കോഹ്ലിയും സമ്മര്‍ദ്ദം അതിജീവിച്ച് ബാറ്റേന്തിയ രവീന്ദ്ര ജഡേജയും ഹര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ചേസിംഗില്‍ ഇന്ത്യക്കായി ജയമൊരുക്കിയത്. നൂറാം ട്വന്റി 20 മത്സരത്തിനിറങ്ങി അവധാനതയോടെ ബാറ്റേന്തിയ കോഹ്ലി 34 പന്തില്‍ 35 റണ്‍സ് നേടി അടിത്തറ പാകി. തുടര്‍ന്ന് വന്ന ജഡേജയുടെ പരിചയ സമ്പത്തും പാണ്ഡ്യയുടെ ആക്രമണോത്സുകതയും ചേര്‍ന്നപ്പോള്‍ ഇന്ത്യ കാത്തിരുന്ന വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.                                                                                              29 പന്തില്‍ 35 റണ്‍സുമായി ജഡേജ പുറത്തായി. അവസാന ഓവര്‍ എറിഞ്ഞ മുഹമ്മദ് നവാസിനെ സിക്‌സറിന് തൂക്കിയാണ് പാണ്ഡ്യ മത്സരം അവസാനിപ്പിച്ചത്. പാണ്ഡ്യ 17 പന്തില്‍ 33 റണ്‍സ് നേടി. ക്യാപ്ടന്‍ രോഹിത് ശര്‍മ്മ 12 റണ്‍സും സൂര്യകുമാര്‍ യാദവ് 18 റണ്‍സും നേടി പുറത്തായി.                                                        ദിനേശ് കാര്‍ത്തിക്ക് 1 റണ്ണുമായി പുറത്താകാതെ നിന്നു. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാകിസ്താന്‍ ഇരുപതാം ഓവറിലെ അവസാന പന്തില്‍ 147 റണ്‍സിന് പുറത്തായി. 43 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍.                                                                                                      ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് മത്സരത്തില്‍ ഇന്ത്യക്ക് ആദ്യ മേല്‍ക്കൈ നല്‍കിയത്. ഭുവനേശ്വര്‍ കുമാര്‍ 4 ഓവറില്‍ 26 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ഹര്‍ദ്ദിക് പാണ്ഡ്യക്ക് 3 വിക്കറ്റ് ലഭിച്ചപ്പോള്‍ അര്‍ഷ്ദീപ് സിംഗ് 2 വിക്കറ്റും ആവേശ് ഖാന്‍ 1 വിക്കറ്റും നേടി.                                                                                                  4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തുകയും 33 റണ്‍സുമായി ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്ത ഹര്‍ദ്ദിക് പാണ്ഡ്യയാണ് മാന്‍ ഓഫ് ദ് മാച്ച്. ആദ്യം പതറിയെങ്കിലും പിന്നീട് കരുതലോടെ ബാറ്റ് വീശിയ ഇന്ത്യ ഒടുവില്‍ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു.