Saturday, May 4, 2024
keralaNews

ഏഴ് വയസുള്ള മകന് ഐസ്‌ക്രീമില്‍ വിഷം നല്‍കി അമ്മ തൂങ്ങിമരിച്ചു

ഏഴ് വയസുള്ള മകന് ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കിയ ശേഷം അമ്മ തൂങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡില്‍ വണ്ടാനം പള്ളിവെളിവീട്ടില്‍ മുജീബിന്റെ ഭാര്യ റഹ്‌മത്ത് (39) ആണ് മരിച്ചത്. മകന്‍ മുഫാസിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഹോട്ടല്‍ തൊഴിലാളിയായ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്താണ് റഹ്‌മത്ത് മകന് വിഷം കലര്‍ത്തിയ ഐസ്‌ക്രീം നല്‍കിയത്. മൂത്ത മകന്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് മുജീബ് വീട്ടിലെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ആശുപത്രിയില്‍ വെച്ചാണ് റഹ്‌മത്തും വിഷം കഴിച്ചിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തുന്നത്. മുജീബ് പെട്ടെന്ന് തന്നെ വീട്ടിലെത്തി നോക്കിയപ്പോള്‍ റഹ്‌മത്തിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍ക്കാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റഹ്‌മത്ത് ആത്മഹത്യാ പ്രവണതയുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. എട്ടുകൊല്ലമായി മാനസിക വിഭ്രാന്തിക്കു ജില്ലാ ആശുപത്രിയിലെ ചികിത്സയിലാണ്. രണ്ടാഴ്ച മുന്‍പ് ഇവര്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും മൂത്തമകള്‍ കണ്ടു കെട്ടഴിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്താക്കി. കുട്ടിയുടെ സ്ഥിതി ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. പുന്നപ്ര പോലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തു.