Saturday, May 11, 2024
keralaNews

അക്ഷരങ്ങള്‍ കാണാനില്ല; കേരളപാഠാവലി അക്ഷരമാലയില്‍ വന്‍ പിശകുകള്‍

തിരുവനന്തപുരം: കേരളപാഠാവലിയില്‍ 10 അക്ഷരങ്ങളാണ് കാണാനില്ലാത്തത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച,രണ്ടു ഭാഗങ്ങളുള്ള ഒന്നാം പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്താണ് അപൂര്‍ണമായ അക്ഷരമാല ഉള്‍പ്പെടുത്തി മാതൃഭാഷയെ അപമാനിച്ചത്. ഓ,ഘ,ങ,ഠ,ഢ,ണ,ഥ,ള,ഴ,റ എന്നീ അക്ഷരങ്ങളാണ് അപ്രത്യക്ഷമായത്.ഏറ്റവും എളുപ്പമുള്ള രീതിയില്‍ കുട്ടികളെ ആദ്യം എഴുതാന്‍ പഠിപ്പിച്ചിരുന്ന റ പോലും അധികൃതര്‍ മറന്നു.

പരമ്പരാഗത രീതിയില്‍ അക്ഷരം,വാക്ക്,വാക്.,വ്യാകരണം എന്ന് ക്രമത്തില്‍ ഭാഷ പഠിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു പുസ്തകം തയ്യാറാക്കിയതെന്നാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാപനത്തില്‍ പറയുന്നത്.ഉച്ചാരണശുദ്ധിയോടെ സംസാരിക്കാനും കൈയക്ഷരം വടിവൊത്തതാക്കാനും പുസ്തകം സഹായിക്കുമെന്നാണ് അവകാശവാദം.എന്നാല്‍ ജനറല്‍ എഡിറ്ററുടേതായി കൊടുത്തിട്ടുള്ള മൂന്ന് ഖണ്ഡിക ആമുഖത്തില്‍ പോലും ഭാഷാപരമായ ഒട്ടനവധി തെറ്റുകള്‍ കാണാം.

വര്‍ഷങ്ങളായി ഭാഷാസ്നേഹികള്‍ നടത്തിയ പ്രതിഷേധത്തിന്റെയും പോരാട്ടത്തിന്റെയും ഫലമായാണ് അക്ഷരമാല വീണ്ടും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്.എന്നാല്‍ അപൂര്‍ണമായി അക്ഷരമാല ഉള്‍പ്പെടുത്തി മലയാള ഭാഷയെ അപമാനിക്കുന്നതിന് തുല്യമായി ഇതെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ഔദ്യോഗിക വെബ്സെറ്റില്‍ പാഠപുസ്തകമിപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്.