Monday, April 29, 2024
keralaNews

ഏലയ്ക്ക നല്‍കാമെന്ന് പറഞ്ഞ് വ്യാപാരികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

ഇടുക്കി: ഏലയ്ക്ക എത്തിച്ച് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാപാരികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ ഒരാള്‍ പിടിയില്‍. വണ്ടന്‍മേട് സ്വദേശി വിജയകുമാറാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. കട്ടപ്പനയിലെ ഒരു വ്യാപാരിയില്‍ നിന്നും 25.5 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്ന കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2021 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിട്ടാണ് കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തില്‍ ഏലയ്ക്ക എത്തിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ പണം തട്ടിയത്. 23 ലക്ഷം രൂപ അക്കൗണ്ടിലും, 3.5 ലക്ഷം രൂപ നേരിട്ടുമാണ് ഇയാള്‍ കൈപ്പറ്റിയത്. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഏലയ്ക്ക ലഭിക്കാതെ വന്നപ്പോള്‍ വ്യാപാരി വിജയകുമാറിനെ ബന്ധപ്പെട്ടു. എന്നാല്‍ ഫലമുണ്ടായില്ല.                                          തുടര്‍ന്ന് കട്ടപ്പന  പോലീസില്‍ വ്യാപാരി പരാതി നല്‍കുകയായിരുന്നു. പതാരിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കട്ടപ്പന ടൗണില്‍ നിന്നും തട്ടിപ്പ് വീരന്‍ പിടിയിലായത്.

പ്രതി ഇത്തരത്തില്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.ഇതിന് പുറമെ, ബാലഗ്രാം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 49 ലക്ഷം രൂപയും പ്രതി തട്ടിയെടുത്തിട്ടുണ്ട്. ഈ പരാതിയില്‍ നെടുങ്കണ്ടം പോലീസ് അന്വേഷണം നടത്തി വരികയാണ്.