Wednesday, May 15, 2024
keralaNews

മില്‍മയുടെ പാല്‍ പാക്കറ്റ് പൊട്ടിക്കുമ്പോള്‍ ശ്രദ്ധിക്കണം.

പ്രകൃതി സംരക്ഷണത്തിനും പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാനുമായി വ്യത്യസ്ത പ്രചാരണ മാര്‍ഗവുമായി മില്‍മ. പാക്കറ്റ് പാലിന്റെ കവര്‍ മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യമാണു മില്‍മ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഇനി മുതല്‍ മില്‍മ പാല്‍ പാക്കറ്റ്, കഷ്ണം വേര്‍പെട്ടു പോകാതെയാണു മുറിക്കേണ്ടത്. എന്നാല്‍ മാത്രമെ ഉപയോഗ്യശൂന്യമായ പാക്കറ്റുകള്‍ പ്രകൃതിക്കു ദോഷംവരാതെ പൂര്‍ണമായി റീസൈക്കിള്‍ ചെയ്യാന്‍ കഴിയൂ.ഓര്‍ക്കുക, പാക്കറ്റ് ശരിയായി മുറിച്ചില്ലെങ്കില്‍ വേര്‍പെട്ടു പോവുന്ന പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ആയിരം വര്‍ഷം കഴിഞ്ഞാലും മണ്ണില്‍ ദ്രവിക്കാതെ കിടക്കും. ശരിയായി മുറിച്ച് ഇനി എല്ലാ ദിവസവും പ്രകൃതിയെ സംരക്ഷിക്കാമെന്നും മില്‍മ ഓര്‍മിപ്പിക്കുന്നു. പാല്‍, തൈര്, സംഭാരം എന്നിവ അടക്കം പ്രതിദിനം 33 ലക്ഷം കവറുകളാണു സംസ്ഥാനത്ത് മില്‍മ പുറത്തിറക്കുന്നത്. 53 മൈക്രോണ്‍ വിര്‍ജിന്‍ പ്ലാസ്റ്റിക് കവറുകളിലാണ് മില്‍മ പാല്‍ എത്തിക്കുന്നത്.53 മൈക്രോണുള്ളതു കൊണ്ടുതന്നെ പുനരുപയോഗിക്കാനായി എളുപ്പവുമാണ്. പ്ലാസ്റ്റിക് കവറുകള്‍ ശേഖരിച്ചു പുനരുപയോഗത്തിനു നല്‍കാനായി ക്ലീന്‍ കേരള കമ്പനിയുമായി മില്‍മ കരാറുണ്ടാക്കി. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ പദ്ധതി നിലച്ചു. എങ്കിലും കൂടുതല്‍ ഊര്‍ജിതമായി പ്രചാരണവും ബോധവല്‍ക്കരണവും മുന്നോട്ടു കൊണ്ടു പോകാനാണു മില്‍മയുടെ തീരുമാനം.