Sunday, May 5, 2024
keralaNewspolitics

ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി ലതികാ സുഭാഷ്.

ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതികാ സുഭാഷ് അറിയിച്ചു. തന്നോട് ഏറ്റുമാനൂരില്‍ അല്ലാതെ മറ്റൊരിടത്തും മത്സരിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നില്ല. ഏറ്റുമാനൂര്‍ സീറ്റിനായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചിട്ടില്ല. കോണ്‍ഗ്രസിനായിരുന്നു സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കണമെന്ന് നിര്‍ബന്ധമെന്നും ലതികാ സുഭാഷ് പറഞ്ഞു. നിലപാട് വ്യക്തമാക്കാന്‍ ഏറ്റുമാനൂരിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

ലതികാ സുഭാഷിന്റെ വാക്കുകള്‍
ഏറ്റുമാനൂരിലെ ജനങ്ങള്‍ കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്യാന്‍ കൊതിക്കുകയാണ്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടുപോയതോടെ ഏറ്റുമാനൂരില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ കഴിയുമെന്ന് ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകരെയും പോലെ താനും ഗ്രഹിച്ചു. എഐസിസി, കെപിസിസി ഭാരവാഹികളടക്കം സംഘടനാ വേദികളില്‍ പറഞ്ഞതും പ്രവര്‍ത്തകര്‍ പറഞ്ഞുകേട്ടതും ഏറ്റുമാനൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നായിരുന്നു. കേരളാ കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് ഒരു സീറ്റ് തിരിച്ചുപിടിക്കുകയാണെങ്കില്‍ അത് ഏറ്റുമാനൂര്‍ ആയിരിക്കുമെന്ന് നേതാക്കള്‍ അന്ന് പറഞ്ഞിരുന്നു.

സ്ഥാനാര്‍ഥി പട്ടികയില്‍ കെഎസ്യുവിനും യൂത്ത് കോണ്‍ഗ്രസിനും പരിഗണന നല്‍കിയതു പോലെ മഹിള കോണ്‍ഗ്രസിനും പരിഗണന നല്‍കേണ്ടതായിരുന്നുവെന്ന് ലതിക സുഭാഷ്. ആ പരിഗണന ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. പക്ഷേ, ജോസഫ് ഗ്രൂപ്പ് നിര്‍ബന്ധമായും ഈ സീറ്റ് വാങ്ങിക്കുമെന്ന് പറഞ്ഞതിനപ്പുറം മറ്റൊരു മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഒരു നേതാവും പറഞ്ഞില്ല-ഏറ്റുമാനൂരില്‍ തന്നെ പിന്തുണയ്ക്കുന്നവരോടായി ലതിക വ്യക്തമാക്കി.എന്റെ വിശ്വാസം വര്‍ധിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് പ്രിയപ്പെട്ട നേതാക്കള്‍ പോകുമ്പോഴും ഏറ്റൂമാനൂര്‍ സീറ്റിന്റെ കാര്യം വീണ്ടും ആവര്‍ത്തിച്ചു. ജോസഫ് ഗ്രൂപ്പ് നിര്‍ബന്ധം പിടിക്കുകയാണു നോക്കട്ടെ എന്നായിരുന്നു മറുപടി. ഏറ്റുമാനൂരില്‍ കൈ അടയാളത്തില്‍ നിയമസഭയിലേക്കു മത്സരിക്കുവാന്‍ പരിണിതപ്രജ്ഞരായ ഒരുപാടു നേതാക്കള്‍ നിയോജക മണ്ഡലത്തിലുണ്ട്.പക്ഷേ, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഈ സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് മുറുക്കി പിടിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ കേരള കോണ്‍ഗ്രസിനേക്കാള്‍ നിര്‍ബന്ധം കോണ്‍ഗ്രസിനായിരുന്നു എന്നാണ് മത്സരരംഗത്തിറങ്ങിയ പലരും എന്നോട് പറഞ്ഞത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വരുന്നതുവരെ ഞാന്‍ പ്രതീക്ഷ വച്ചിരുന്നു.ഒരു വനിത എന്ന എന്റെ പരിമിതി ഒരിക്കല്‍പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് ഒഴിവാകാന്‍ കാരണമാക്കിയിട്ടില്ല. കോണ്‍ഗ്രസിന്റെ പുരുഷ നേതാക്കള്‍ ചെയ്യുന്നതുപോലെ പൊതു തിരഞ്ഞെടുപ്പ് ആണെങ്കിലും ഉപതിരഞ്ഞെടുപ്പ് ആണെങ്കിലും ഒരു മണ്ഡലത്തിന്റെ ചാര്‍ജ് എടുത്തു തന്നെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.’ ലതിക പറഞ്ഞു.